JHL

JHL

ബാവിക്കര റഗുലേറ്റർ നിറഞ്ഞു, ഒരു ഷട്ടർ തുറന്നു

 


പൊയിനാച്ചി : ജില്ലയിലെ എറ്റവും വലിയ കുടിവെള്ള പദ്ധതിക്കായി സമർപ്പിച്ച പയസ്വിനിപ്പുഴയിലെ ബാവിക്കര റഗുലേറ്ററിൽ 10 ദിവസത്തിനകം സംഭരണശേഷിയിലധികം വെള്ളം നിറഞ്ഞു. ഇതേത്തുടർന്ന് നാല് മെക്കാനിക്കൽ ഷട്ടറുകളിലൊന്ന് ഞായറാഴ്ച രാവിലെ പത്തരയോടെ തുറന്നു. നാലുമീറ്ററാണ് റഗുലേറ്ററിന്റെ സംഭരണശേഷി. ശനിയാഴ്ച വൈകീട്ടുതന്നെ ഈ നിരപ്പിൽ വെള്ളമുയർന്നിരുന്നു. 250 കോടി ലിറ്റർ വെള്ളം റഗുലേറ്ററിൽ സംഭരിക്കാൻ പറ്റുമെന്നാണ് ചെറുകിട ജലസേചനവിഭാഗത്തിന്റെ കണക്ക്. ഷട്ടറിന്റെ നിരപ്പിൽ വെള്ളമെത്തിയതോടെയാണ് ചെറിയതോതിൽ വെള്ളം തുറന്നുവിടാൻ തീരുമാനമെടുത്തത്. പുഴയുടെ വൃഷ്ടിപ്രദേശങ്ങളായ കർണാടകയുടെ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴപെയ്തിരുന്നു. ഇത് പുഴയിലെ നീരൊഴുക്ക് കൂട്ടി. മെക്കാനിക്കൽ ഷട്ടറുകളുടെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയശേഷം ഫെബ്രുവരി 10-നാണ് റഗുലേറ്റർ അടച്ചിരുന്നത്. 14-നാണ് ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി ഈ പദ്ധതി നാടിന് സമർപ്പിച്ചത്. ഷട്ടറുകൾ അടച്ചതോടെ പ്രതീക്ഷിച്ച ആറര കിലോമീറ്ററിലധികം ഭാഗം പുഴയിൽ വെള്ളമുയർന്നിരുന്നു. പല ചെറുകടവുകളും വെള്ളത്തിൽ മുങ്ങിയതിനാൽ നാട്ടുകാർക്ക് ചുറ്റിസഞ്ചിരിക്കേണ്ട സ്ഥിതിയും വന്നിരിക്കുകയാണ്. അതേസമയം ചുരുങ്ങിയ സമയംകൊണ്ടുതന്നെ റഗുലേറ്റർ കർഷകർക്ക് വലിയ ആശ്വാസമായി. പുഴയുടെ ഇരുകരകളിലുമുള്ള 407 ഹെക്ടർ പ്രദേശത്ത് ഇതുവഴി ജലസേചനം നടത്താൻ പറ്റുമെന്നാണ് പ്രതീക്ഷ. ഉപ്പുവെള്ളം ഒഴിഞ്ഞ് തെളിനീർ യഥേഷ്ടം ലഭ്യമായതോടെ പുഴക്കരയിലെ കവുങ്ങുകർഷകർ പ്രദേശത്ത് പച്ചക്കറിക്കൃഷിയിലും സജീവമായി.

No comments