JHL

JHL

ശബരിമല , പൗരത്വ ഭേദഗതി കേസുകൾ പിൻവലിക്കുന്നു ; ഉത്തരവിറക്കി സർക്കാർ


തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ ഉത്തരവിറക്കി. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരടങ്ങിയ സംഘം കേസുകളുടചെ സ്വഭാവം പരിഗണിച്ച്‌ ഏതെല്ലാം കേസുകളാണ് പിന്‍വലിക്കേണ്ടതെന്ന് തീരുമാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എന്‍.എസ്.എസ്. ജജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്നിവരുടെ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.ശബരിമല സ്ത്രീ പ്രവേശനം, പൗരത്വ നിയമ ഭേദഗതി സമരങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള  ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 2300-ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌ . ഇത്തരം കേസുകള്‍ ഏറ്റവും അധികമുള്ളത് കണ്ണൂര്‍ ജില്ലയിലാണ്.

പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 490 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. കോഴിക്കോട് ജില്ലയിലാണ് ഈ കേസുകള്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത് . കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകുമ്ബോഴും പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം, മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കം എന്നീ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ നിയമോപദേശത്തിന് ശേഷമായിരിക്കും പിന്‍വലിക്കുക.

നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട ശബരിമലയിലെ ക്രിമിനല്‍ സ്വഭാവമില്ലാത്തകേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി പ്രതിപക്ഷ നേതാവും രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായത്.


No comments