JHL

JHL

അതിർത്തിയിൽ പരിശോധനയില്ല; കർണാടകയിലേക്കും തിരിച്ചും യഥേഷ്ടം യാത്ര ചെയ്യാം

കുമ്പള (www.truenewsmalayalam.com ): കൊവിഡ് വ്യാപനത്തെത്തുടർന്ന് കർണാടക അതിർത്തി കടക്കാൻ കൊവിഡ് ടെസ്റ്റ് റിപോർട്ട് കൈയ്യിൽ വേണമെന്ന പ്രചരണം വാസ്തവ വിരുദ്ധം. നേരത്തെ കർണാടക സർക്കാർ ഇത്തരം ഒരു തീരുമാനം എടുത്തിരുന്നെങ്കിലും പിന്നീടത് പിൻവലിച്ചിരുന്നു. എന്നാൽ കർണാടക സർക്കാർ തീരുമാനത്തിൽ കൊണ്ടു വന്ന മാറ്റത്തിന് വേണ്ടത്ര പ്രചാരം ലഭിക്കാത്തതിനെത്തുടർന്ന് ബാംഗളൂരു, മൈസൂർ, മംഗളൂരു തുടങ്ങി കർണാടകയുടെ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ട മലയാളികൾ കൊവിഡ് പരിശോധന നടത്താൻ പരക്കം പായുകയാണ്. 

     കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച കർണാടക സർക്കാർ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തികളിൽ 72 മണിക്കൂറിനകം എടുത്ത കൊവിഡ് പരിശോധന റിപോർട്ട് നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇത് പ്രാബല്യത്തിൽ വരുന്നതിനു മുമ്പുതന്നെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സംഘടനകളും നേതാക്കളും പ്രശ്നത്തിലിടപെടുകയും ശക്തമായ സമ്മർദത്തെത്തുടർന്ന് തീരുമാനം ഗവണ്മെന്റ് പിൻവലിക്കുകയുമായിരുന്നു. മാസങ്ങൾക്ക് മുമ്പ് രാജ്യത്ത് കൊവിഡ് വ്യാപകമായി നിലനിന്നിരുന്ന സമയത്തും കർണാടക കേരളത്തിൽ നിന്നുളള അതിർത്തികൾ അടച്ചിരുന്നു. ഈ വിവാദ തീരുമാനത്തെത്തുടർന്ന് കേരളത്തിൽ നിന്നുള്ള പതിനഞ്ചോളം ആളുകളാണ് വിദഗ്ധ ചികിത്സ ലഭിക്കാതെ മംഗളൂരുവിലേക്കുള്ള യാത്ര മധ്യേ മരിച്ചത്.

        സംസ്ഥാന അതിർത്തികൾ അടക്കുകയും അതിർത്തികളിൽ നിയന്ത്രണം കൊണ്ടുവരികയും ചെയ്യുന്ന കർണാടക സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവും കർണാടകയിൽ അഭിഭാഷകനുമായ അഡ്വ. സുബ്ബയ്യ റൈ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി മാർച്ച് 5 ന് കേസ് വീണ്ടും പരിഗണിക്കും. കോടതി വിധി കർണാടക സർക്കാരിന് അനുകൂലമായാലും കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്.

അതിർത്തിയിലെ നിയന്ത്രണം മഞ്ചേശ്വരത്ത് ബി ജെ പി യെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണത്രെ ഈ തീരുമാനം.

No comments