JHL

JHL

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ആര്‍.പി.എഫ് പരിശോധന; വന്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു; തമിഴ്നാട് സ്വദേശിനി കസ്റ്റഡിയില്‍

 


കോഴിക്കോട്: കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ആര്‍.പി.എഫ് നടത്തിയ പരിശോധനയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. 02685 നമ്പറില്‍ ഉള്ള ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്ററുമാണ് ട്രെയിനിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പരിശോധന നടന്നത്. സ്ഫോടക വസ്തുശേഖരം ട്രെയിനില്‍ കടത്തിയ യാത്രക്കാരിയായ തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശിനി രമണിയെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു. കിണര്‍ ജോലിക്കാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് രമണി മൊഴി നല്‍കി. ചെന്നൈയില്‍ നിന്നുമാണ് രമണി ട്രെയിനില്‍ കയറിയത്. തലശേരിയിലേക്ക് പോകുകയായിരുന്നു യാത്രയുടെ ഉദ്ദേശ്യം. ട്രെയിനിന്റെ ഡി 1 കംപാര്‍ട്ട്മെന്റിലെ സീറ്റിന് അടിയിലാണ് സ്ഫോടകവസ്തുക്കള്‍ വെച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും റെയില്‍വെ പൊലീസും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ പാലക്കാട് നിന്നുള്ള ജിതിന്‍ ബി. രാജിന്റെ നേതൃത്വത്തിലുള്ള ആര്‍. പി .എഫ് സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

No comments