JHL

JHL

ഫുട്‌ബോള്‍താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു


 കോഴിക്കോട് : ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിലൊരാളും ആദ്യ വനിതാ ഫുട്ബോൾ പരിശീലകയുമാണ് കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ഫൗസിയ. നടക്കാവ് ജിവിഎച്ച്എസ്എസ് സ്കൂളിലെ ഫുട്ബോൾ പരിശീലകയായിരുന്നു. കബറടക്കം ഇന്ന് 11.30ന് ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാ മസ്ജിദിൽ. കാൻസർ ബാധിതയായിരുന്നു. പെൺകുട്ടികൾ കോളജിൽ പോകുന്നതുപോലും ഉൾക്കൊള്ളാൻ കഴിയാതിരുന്ന കാലത്തു ഫുട്ബോൾ താരമായി മാറിയയാളാണു ഫൗസിയ. 2013ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ ആദ്യമായി പെൺകുട്ടികളുടെ ഫുട്ബോൾ മത്സരയിനമാക്കിയതിനു പിന്നിൽ ഫൗസിയയാണു പ്രവർത്തിച്ചത്.

നടക്കാവ് സ്കൂളിൽ പഠിക്കുമ്പോഴാണു ഫൗസിയ കായിക താരമായി മാറിയത്. ഹാൻഡ്ബോളായിരുന്നു ആദ്യ ഇനം. ഹാൻഡ്ബോളിൽ സംസ്ഥാന ടീം അംഗമായി മാറി. തുടർന്ന് വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഹോക്കിയിലും ജൂഡോയിലും മാറ്റുരച്ച ഫൗസിയ ചുവടുറപ്പിച്ചത് ഫുട്ബോളിലാണ്. ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഗോൾകീപ്പറായിട്ടുണ്ട്. അഖിലേന്ത്യാ വനിതാ ജൂനിയർ ചാംപ്യൻഷിപ്പിലും കേരളത്തിന്റെ ഗോൾവല കാത്തത് ഫൗസിയയാണ്.

2002 മുതൽ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ കരാറടിസ്ഥാനത്തിൽ കോച്ചായി പ്രവർത്തനം തുടങ്ങി. 2003ൽ നടക്കാവ് സ്കൂളിലെ പരിശീലകയായി മാറി. ആദ്യ വർഷം തന്നെ സംസ്ഥാന ടീമിലേക്ക് 4 പേരെ ഫൗസിയ സംഭാവനയായി നൽകി. കേരളത്തിലെ ഏറ്റവും മികച്ച കളിക്കാരെ വളർത്തിയെടുക്കുന്ന, ‘കേരളത്തിന്റെ ഫുട്ബോൾ ഫാക്ടറി’ എന്ന ബഹുമതി നടക്കാവ്‍ സ്കൂളിനു നേടിക്കൊടുത്തത് ഫൗസിയയാണ്.


ദേശീയ ടീമിലും ഫൗസിയയുടെ ശിഷ്യർ ഇടം കണ്ടെത്തി. 2005ൽ ദേശീയ സീനിയർ ചാംപ്യൻഷിപ്പിൽ കേരളം മൂന്നാം സ്ഥാനം നേടിയപ്പോൾ ഫൗസിയ കോച്ചായിരുന്നു. 2016ൽ കാൻസർ ബാധിതയായെങ്കിലും ഇച്ഛാശക്തി കൊണ്ട് ഫുട്ബോൾ മൈതാനത്തേക്ക് അവർ തിരിച്ചെത്തിയിരുന്നു.


No comments