JHL

JHL

തലപ്പാടി അതിർത്തി നിയന്ത്രണം ; യു ഡി എഫ് റോഡ് ഉപരോധിച്ചു


കാസർകോട്: 
കാസർകോട്-കർണാടക അതിർത്തിയിലെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കർണാടകത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. തലപ്പാടിയിൽ ദേശീയ പാതയിലെ റോഡാണ് ഉപരോധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങൾ അതിർത്തിയിൽ കുടുങ്ങി. കേരള പൊലീസെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. തലപ്പാടി അതിര്‍ത്തിയില്‍ ദക്ഷിണ കന്നഡ ഭരണകൂടം ഇന്ന് ഇളവ് നൽകി. നാളെ മുതൽ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 

കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായിട്ടാണ് കാസർകോട്-കർണാടക അതിർത്തിയിൽ ദക്ഷിണ കന്നഡ കളക്ടർ കർശന നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ന് മുതൽ കാസർക്കോട് നിന്ന് കർണാടകത്തിലേക്ക് പ്രവേശിക്കാൻ 72 മണിക്കൂർ മുമ്പ് ആര്‍ടിപിസിആർ പരിശോധന നടത്തി കൊവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു നിര്‍ദ്ദേശം. നിയന്ത്രിത പ്രവേശനമുള്ള അഞ്ച് റോഡുകളൊഴികെ ഇടറോഡുകളെല്ലാം അടച്ചു. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.

ഇതിനിടെ കർണാടക അതിർത്തി പാതകൾ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അടച്ചിട്ട നടപടികൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു മഞ്ചേശ്വരം എം.എൽ.എ എംസി കമറുദ്ധീന്റെ നിർദ്ദേശപ്രകാരം ബാംഗ്ലൂർ ഹൈക്കോടതിയിൽ കോൺഗ്രസ്‌ നേതാവും പ്രമുഖ അഭിഭാഷകനുമായ അഡ്വ:സുബ്ബറൈയുടെയും  അഡ്വ:കെ രവിശങ്കർ മുഖാന്തരം കേസ്  ഫയൽ ചെയ്തു. 

പരിശോധന കര്‍ശനമാക്കിയതോടെ കോവിഡ്‌ പരിശോധനാകേന്ദ്രമായ മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ ഇന്നു രാവിലെ വിദ്യാര്‍ത്ഥികളടക്കം 300ല്‍ അധികം പേരെത്തി . എന്നാല്‍ രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക്‌ ഒരു മണിവരെയാണ്‌ പരിശോധന. ഇത്രയും സമയത്തിനുള്ളില്‍ എല്ലാവരെയും പരിശോധിക്കാനാകുമോയെന്നതും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്‌.



 

 

No comments