JHL

JHL

മംഗളൂരു വഴി വരുന്ന യോഗി ആദിത്യനാഥിന് സുരക്ഷയൊരുക്കാൻ കുമ്പള കാസറഗോഡ് ദേശിയ പാതയിൽ ഗതാഗതം തിരിച്ചു വിടും

 

കാസർകോട് (www.truenewsmalayalam.com):  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ സുരക്ഷ ശക്തമാക്കി. വിമാനമാർഗം മംഗളൂരുവിൽ നിന്നെത്തുന്ന യോഗി ആദിത്യനാഥ് റോഡ് മാർഗമാണ് സമ്മേളന നഗരിയായ താളിപ്പടുപ്പിലെത്തുന്നത്. വിമാനത്താവളം മുതൽ  തലപ്പാടി അതിർത്തി വരെ കർണാടക പൊലീസും അതിർത്തി മുതൽ കാസർകോട് താളിപ്പടുപ്പ് വരെ കേരള പൊലീസും ചേർന്നു സുരക്ഷയൊരുക്കും.  ഇതിനു പുറമേ ഉത്തർപ്രദേശിൽ നിന്നുള്ള  എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക  സുരക്ഷാ സംഘവും പരിശോധന നടത്തും.  വൈകിട്ട് 3 നു തുടങ്ങുന്ന പരിപാടി സമാപിക്കുന്നതു വരെ വിദ്യാനഗർ മുതൽ കുമ്പള വരെയുള്ള ദേശീയപാതയിലൂടെയുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മംഗളൂരു ഭാഗത്ത് നിന്നു കാസർകോട്, കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുമ്പള ടൗണിൽ നിന്നു സീതാംഗേളി റോഡിലൂടെ ഉളിയത്തടുക്ക– ഉദയഗിരി റോഡ് വഴി വിദ്യാനഗർ എൻഎച്ച് റോഡിലേക്കും മംഗളൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതു വഴി കുമ്പള എൻഎച്ച് റോഡിലും പ്രവേശിക്കണം.  ടാങ്കർ ഉൾപ്പെടെയുള്ള ചരക്കു ലോറികൾ ഈ സമയത്ത് മൊഗ്രാൽ, കാഞ്ഞങ്ങാട് സൗത്ത് ഭാഗങ്ങളിൽ നിർത്തിയിടണമെന്നു ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവ് അറിയിച്ചു.

യോഗി ആദിത്യനാഥ് കാസർകോട് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട് പ്രതിഷേധദിനമാചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഉത്തരമേഖല ഐ.ജി. അശോക് യാദവും സംഘവും കാസർകോടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഞായറാഴ്ചത്തെ സുരക്ഷയുമായി പോലീസ് വാഹനവ്യൂഹം സഞ്ചരിക്കേണ്ട റിഹേഴ്‌സൽ ശനിയാഴ്ച വൈകിട്ട് നടത്തി. മംഗളൂരു മുതൽ കാസർകോട് വരെയാണ് റിഹേഴ്‌സൽ നടത്തിയത്.

No comments