JHL

JHL

മംഗളൂരുവില്‍ ഗുഡ്‌സ് ട്രെയിനിന് മുകളില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ 15കാരന് ഷോക്കേറ്റു; തെറിച്ചുവീണ കുട്ടിക്ക് പൊള്ളലേറ്റു

 


മംഗളൂരു(www.truenewsmalayalam.com 15.04.2021):

 പുറപ്പെടാനൊരുങ്ങിയ ഗുഡ്സ് ട്രെയിനിന് മുകളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ പതിനഞ്ചുകാരന് ഷോക്കേറ്റു. ജോക്കാട്ടെ ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ദിഷാനാണ് ഷോക്കേറ്റത്. ട്രെയിനില്‍ നിന്ന് തെറിച്ചുവീണ കുട്ടിയെ അമ്പതുശതമാനം പൊള്ളലേറ്റ നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.55 ഓടെ ജോക്കാട്ട് റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ മുഹമ്മദ് ദിഷാനെ ഗുഡ്സ് ട്രെയിനിന് താഴെ വീണുകിടക്കുന്നത് കാണുകയായിരുന്നു. 15 വയസുള്ള മറ്റ് രണ്ട് ആണ്‍കുട്ടികളെ ട്രെയിനിന് മുകളിലും കണ്ടു. ഇവര്‍ ഉടന്‍ തന്നെ താഴെയിറങ്ങുകയും ദിഷാനൊപ്പം സെല്‍ഫിയെടുക്കാന്‍ ട്രെയിന് മുകളില്‍ കയറിയതാണെന്ന് അറിയിക്കുകയും ചെയ്തു. സെല്‍ഫിയെടുക്കുന്നതിനിടെ ട്രെയിനിലെ ഓവര്‍ ഹെഡ് ലൈനില്‍ നിന്ന് ദിഷാന് ഷോക്കല്‍ക്കുകയും തെറിച്ച് താഴെ വീഴുകയുമായിരുന്നു. പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ മംഗളൂരുവിലെ എജെ ആസ്പത്രിയിലെത്തിച്ചു. ദിഷാന്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.

ഗുഡ്സ് ട്രെയിനിലെ ഓവര്‍ഹെഡ് ലൈനുകളിലും അനുബന്ധ ഉപകരണങ്ങളിലും 25,000 വോള്‍ട്ട് വരെ വൈദ്യുതിയുണ്ട്. ഗുഡ്സ് ട്രെയിനിലെ വൈദ്യുതീകരിച്ച ഭാഗത്തിന് ചുറ്റും നിയമപരമായ മുന്നറിയിപ്പുകള്‍ നല്‍കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


No comments