JHL

JHL

സ്ഥാനാർഥികൾക്കു നേരെ കയ്യേറ്റശ്രമം, പെരിയയിൽ കല്ലേറ്; ബൂത്തുകൾ പിടിച്ചെടുത്തതായി ആരോപണം


കാസർകോട് :(www.truenewsmalayalam.com 07.04.2021) 

തിരഞ്ഞെടുപ്പ് ദിനത്തിൽ വൈകിട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ അക്രമം. ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾക്കു നേരെ ആക്രമണമുണ്ടായി. രാവിലെ തൃക്കരിപ്പൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിനെ മർദിച്ചു പുറത്താക്കിയതാണ് ആദ്യ സംഭവം. പിന്നീട് വിവിധ പാർട്ടികൾ തമ്മിൽ വൈകിട്ടോടെ സംഘർഷമുണ്ടായി. വോട്ടെടുപ്പ് അവസാനിക്കാറായതോടെ അനിഷ്ട സംഭവങ്ങൾ‍ സ്ഥാനാർഥികളിലേക്കുള്ള അക്രമത്തിൽ വരെയെത്തി.

പള്ളിക്കര പഞ്ചായത്തിലെ കൂട്ടക്കനിയിൽ 134, 135 ബൂത്തുകൾ എൽഡിഎഫ് പ്രവർത്തകർ പിടിച്ചെടുത്തെന്നും വ്യാപകമായി കള്ള വോട്ട് ചെയ്തെന്നും യുഡിഎഫ് ആരോപിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിൽ  പിലിക്കോട് വയലിൽ ബൂത്ത് ഏജന്റ് പി.കെ.വിനയകുമാറിനെ നായ്ക്കുരണപ്പൊടി വിതറി ആക്രമിച്ചെന്നും പരാതിയുണ്ട്.

യുഡിഎഫ് ബൂത്ത് ഏജന്റിനു മർദനം

തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പി. ജോസഫിന്റെ പോളിങ് ഏജന്റിനു വോട്ടിങ് തുടങ്ങിയ സമയത്തു തന്നെ മർദനമേറ്റു. വെള്ളച്ചാൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 127ാം ബൂത്തിൽ പോളിങ് ഏജന്റായ ജയിംസ് മാരൂരി(45)നാണു മർദനമേറ്റത്. മോക് പോളിങിനിടയിൽ ഒരു സംഘം ആളുകൾ ബൂത്തിൽ കയറി ആക്രമിച്ചെന്നും കയ്യിലുണ്ടായിരുന്ന ഫോൺ തട്ടിയെടുത്തു എന്നുമാണ് പരാതി. ഇദ്ദേഹത്തെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ഡപം സ്വദേശിയായ ജയിംസ് മാരൂർ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്.

ജയിംസിന്റെ പരാതി പ്രകാരം കണ്ടാലറിയാവുന്ന 4 പേർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. കയ്യേറ്റം ചെയ്ത സമയത്ത് പ്രിസൈഡിങ് ഓഫിസറും പൊലീസുകാരും സഹായിച്ചില്ലെന്നാണു യുഡിഎഫ് ആരോപണം. തുടർന്നു യുഡിഎഫ് സ്ഥാനാർഥി എം.പി.ജോസഫ് സ്ഥലത്തെത്തി ബൂത്ത് ഏജന്റായി ഇരുന്നു. യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർഥി പി.വി.സുരേഷിന്റെ പോളിങ് ഏജന്റായി ഇരുന്ന ബൂത്ത് സെക്രട്ടറിയെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി.  വെളളിക്കോത്തെ പി.രാജീവനാണ് (48) മർദനമേറ്റത്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ് ബൂത്ത് 21 ലെ പോളിങ് ഏജന്റ് ആയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ സംഘടിച്ചെത്തിയ സംഘമാണ് രാജീവനു നേരെ മിന്നലാക്രമണം നടത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരിയയിൽ കല്ലേറ്; 2 പേർക്കു പരുക്ക്

ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പോളിങ് സ്റ്റേഷനു സമീപം എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിൽ ഡിസിസി ജനറൽ സെക്രട്ടറി വിനോദ്കുമാർ പള്ളയിൽവീടിനും സിപിഎം പ്രവർത്തകൻ ചാലിങ്കാലിലെ മുകേഷി(32)നും പരുക്കേറ്റു. 

പെരിയ ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിലേക്ക് വരികയായിരുന്ന യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയുടെ  വാഹനം തടഞ്ഞ് ഒരു സംഘം സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വാഹനത്തിന് കല്ലെറിയുകയും ചെയ്തതായി യുഡിഎഫ് ആരോപിച്ചു. എന്നാൽ യുഡിഎഫ് പ്രവർത്തകരാണു അക്രമം നടത്തിയതെന്ന് സിപിഎം ആരോപിച്ചു.

 ഉദുമ മണ്ഡലത്തിൽ കൂട്ടക്കനി, ഇരിയണ്ണി തുടങ്ങി പതിനൊന്നോളം ബൂത്തുകൾ സിപിഎം പിടിച്ചെടുത്തതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു. പല പ്രിസൈഡിങ് ഓഫിസർമാരും സിപിഎം അനുഭാവികൾ ആയിരുന്നുവെന്നാണ് പരാതി. കൂട്ടക്കനി സ്കൂളിൽ യുഡിഎഫ് ബൂത്ത്‌ ഏജന്റ് രത്നാകരൻ നമ്പ്യാരെ ബൂത്തിൽ നിന്നും വലിച്ചിറക്കി മർദിച്ചു. വോട്ടർ പട്ടികയടക്കം നശിപ്പിച്ചതായാണു പരാതി. യുഡിഎഫ് സ്ഥാനാർഥിയെ സ്വന്തം നാട്ടിൽ വച്ച് അപായപ്പെടുത്താനാണു സിപിഎം ശ്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ കുറ്റപ്പെടുത്തി. 

ലീഗ് നേതാവിന്റെ വീടാക്രമിച്ചു; കുട്ടിക്കു പരുക്ക്

മീനാപ്പീസ് കടപ്പുറത്ത് മുസ്‍ലിം ലീഗ് നേതാവിനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചു. അക്രമത്തിൽ 10 വയസ്സുകാരന് സാരമായി പരുക്കേറ്റു. ഹക്കീം മീനാപ്പീസിന്റെ വീടാണ് ഇന്നലെ വൈകിട്ട് ഒരു സംഘം ആക്രമിച്ചത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ഹക്കീം ആരോപിച്ചു. അക്രമത്തിൽ സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹൊസ്ദുർഗ് കണ്ടത്തിൽ സ്കൂളിന് സമീപം സ്ലിപ് വിതരണത്തെ ചൊല്ലി മുസ്‌ലിം ലീഗ്-എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് എത്തി ഇരുവിഭാഗത്തെയും പിൻതിരിപ്പിച്ചു. 

മുക്കൂടിൽ സംഘർഷം

അജാനൂർ പഞ്ചായത്തിലെ മുക്കൂടിൽ മുസ്‍ലിം ലീഗ്-സിപിഎം സംഘർഷം. കള്ള വോട്ടിനെ സംബന്ധിച്ച തർക്കമാണ് കാരണം. 2 ലീഗ് പ്രവർത്തകർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം. കള്ള വോട്ട് ചെയ്യാനെത്തിയ സിപിഎം പ്രർത്തകരെ ലീഗ് പ്രവർത്തകർ തടഞ്ഞതാണ് അക്രമത്തിന് കാരണമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. 

ലീഗ് പ്രവർത്തകരായ കരീം മുക്കോട് (23), ഫൈസൽ (35) എന്നിവർക്കാണ് പരുക്കേറ്റത്. പിന്നീട് പൊലീസ് ഇരുവിഭാഗത്തെയും പിൻതിരിപ്പിച്ചു. 

തൃക്കരിപ്പൂർ സ്ഥാനാർഥിയുടെ കാറിനു നേരെ ആക്രമണം

കാരിയിൽ എഎൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ വോട്ടെടുപ്പിന് ശേഷം തടഞ്ഞു വച്ച യുഡിഎഫ് പോളിങ് ഏജന്റുമാരെ കൊണ്ടു പോകാൻ എത്തിയ സ്ഥാനാർഥി എം.പി.ജോസഫിന്റെ കാറിനു നേരെ ആക്രമണം. അക്രമത്തിൽ കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു യുഡിഎഫ് നേതൃത്വം പറഞ്ഞു. 

ഏജന്റുമാരായ ടി.വി.വിജയൻ, പി.പി.ശുഹൈബ് എന്നിവരെ തട‍ഞ്ഞ് വച്ച വിവരം അറിഞ്ഞാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒ.ഉണ്ണിക്കൃഷ്ണനോടൊപ്പം സ്ഥാനാ‍ർഥി എത്തിയത്. പോളിങ് സ്റ്റേഷനിൽ നിന്ന് ഏജന്റുമാരെ സ്ഥാനാർഥിയുടെ കാറിൽ കയറ്റാൻ പൊലീസ് സംരക്ഷണയിൽ കൊണ്ടു പോകുമ്പോൾ വഴിയിൽ വച്ച് ഉണ്ണിക്കൃഷ്ണനും വിജയനും മർദനമേറ്റതായി പറയുന്നു. 

ഇവരെ സ്ഥാനാർഥിയുടെ കാറിൽ കയറ്റി കാർ നീങ്ങുമ്പോൾ വലിയ കല്ലെടുത്ത് കാറിന്റെ മുൻവശത്തെ ചില്ലിനു മുകളിൽ ഇട്ടതായി സ്ഥാനാർഥിയുടെ കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു. അക്രമം സംബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥി എം.പി.ജോസഫ് ചന്തേര പൊലീസിൽ പരാതി നൽകി. ആക്രമണത്തിൽ പരിക്കു പറ്റിയ വിജയനെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


No comments