JHL

JHL

മത്സ്യ ബന്ധത്തിനിടയില്‍ ഇടിമിന്നലേറ്റ്‌ യുവാവ്‌ മരിച്ചു

 


കാസര്‍കോട്‌: (www.truenewsmalyalam.com 13.04.2021)

ജില്ലയില്‍ പരക്കെ ഇടിയും മഴയും. കാസര്‍കോട്ട്‌ബോട്ടില്‍ ഇടിമിന്നലേറ്റ്‌ മത്സ്യത്തൊഴിലാളി മരിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റു. കാസര്‍കോട്‌, ബീച്ച്‌ ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിന്‌ സമീപത്തെ പരേതനായ സൗമികുട്ടിയുടെ മകന്‍ എസ്‌ ബാബുരാ(40)ജാണ്‌ മരിച്ചത്‌. കൂടെ ഉണ്ടായ കൃഷ്‌ണന്‌ കാലില്‍ പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെയാണ്‌ അപകടം. ബാബുരാജ്‌, കൃഷ്‌ണന്‍, സുജി, ബാബു എന്നിവര്‍ ബോട്ടുമായി മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങിയതായിരുന്നു. ബോട്ട്‌ അഴിമുഖം പിന്നിടും മുമ്പ്‌ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ്‌ അപകടം. ബോട്ടില്‍ വീണ ബാബുരാജിനെ മറ്റുള്ളവര്‍ ഉടന്‍ കരയിലെത്തിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷു തലേന്ന്‌ ഉണ്ടായ ദാരുണ സംഭവം കടപ്പുറത്തെ കണ്ണീരിലാഴ്‌ത്തി. ശാന്തയാണ്‌ ഇടിമിന്നലേറ്റ്‌ മരിച്ച ബാബുരാജിന്റെ മാതാവ്‌. ഭാര്യ: ആശ. മക്കള്‍: അശ്വിന്‍ (പ്ലസ്‌ടു വിദ്യാര്‍ത്ഥി), സാനിയ (ഒന്‍പതാം ക്ലാസ്‌). സഹോദരങ്ങള്‍: ശിശുപാലന്‍, രവി, ഓമന, മീന, അശോക്‌കുമാര്‍, ഭാഗി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ജില്ലയുടെ പല ഭാഗങ്ങളിലും ഇന്നലെ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായി. മടിക്കൈയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്‌ മുകളില്‍ തെങ്ങ്‌ വീണ്‌ തകര്‍ന്നു. മടിക്കൈ, പൂത്തക്കാലിലെ മത്സ്യവില്‍പ്പനക്കാരന്‍ തമ്പാന്റെ ഗുഡ്‌സ്‌ ഓട്ടോയാണ്‌ തകര്‍ന്നത്‌.

ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായതോടെ തമ്പാന്‍ ഓട്ടോ റോഡരുകില്‍ നിര്‍ത്തി സമീപത്തെ കടയിലേക്ക്‌ ഓടിക്കയറിയതിന്‌ തൊട്ടുപിന്നാലെയാണ്‌ തെങ്ങ്‌ കട ഭാഗത്ത്‌ നിന്ന്‌ മുറിഞ്ഞ്‌ ഓട്ടോയുടെ മുകളിലേയ്‌ക്ക്‌ വീണത്‌.

മലയോരത്ത്‌ കനത്ത മഴ ലഭിച്ചു. ബേക്കല്‍, പാലക്കുന്ന്‌, ഉദുമ, കാസര്‍കോട്‌, ബദിയഡുക്ക, പെര്‍ള, മുള്ളേരിയ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു.മഞ്ചേശ്വരം ഉദ്യാവാര്‍ മാടബാക്കിമാര്‍ക്കണ്ടത്തെ സതീഷ്‌ ചൗട്ട, സയ്യിദ്‌ അമീര്‍ അലി എന്നിവരുടെ പച്ചക്കറികള്‍ക്ക്‌ നാശം ഉണ്ടായി.മാന്യ ചുക്കിനടുക്കയിലെ കൊഗ്ഗുമണിയാണിയുടെ പമ്പ്‌ ഷെഡ്ഡും ഇടിമിന്നലില്‍ തകര്‍ന്നു. വീടിന്റെ വയറിംഗും കത്തിനശിച്ചു.



No comments