JHL

JHL

വാഹനം അടിച്ചു തകർത്തു ഉപ്പളയിൽ വീണ്ടും ഗുണ്ട വിളയാട്ടം

 




ഉപ്പള: ഉപ്പളയില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. ഭര്‍ത്താവിന് വെട്ടേറ്റ സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെയും മകനെയും ഉപ്പള ടൗണില്‍ വെച്ച് നാട്ടുകാര്‍ നോക്കി നില്‍ക്കെ വാന്‍ തടഞ്ഞ് നിര്‍ത്തി വടിവാള്‍ വീശി ഓടിച്ചു. പിന്നാലെ ഓമ്‌നി വാന്‍ തല്ലിത്തകര്‍ത്തു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഇന്നലെ രാവിലെ മണിമുണ്ടയിലെ ഹര്‍ഷിദിനെ കടയില്‍ കയറി മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ഹര്‍ഷിദിന്റെ ഭാര്യ മുഫറിയ ബാനു, മകന്‍ സൈദ് മുഹമ്മദ് അസ്‌വാന്‍ എന്നിവര്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി മടങ്ങുന്നതിനിടെയാണ് ഹര്‍ഷിദിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഘത്തിലെ ഒരാള്‍ ഉപ്പളയില്‍ വെച്ച് വാന്‍ തടഞ്ഞ് നിര്‍ത്തി വടിവാള്‍ വീശി ഇരുവരെയും ഓടിക്കുകയും ഓമ്‌നി വാന്‍ തകര്‍ക്കുകയും ചെയ്തത്. മഞ്ചേശ്വരം പൊലീസ് ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതോടെ പലരും ഉള്‍വലിഞ്ഞിരുന്നു. എന്നാല്‍ ഒരു ഇടവേളക്ക് ശേഷം ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടാന്‍ തുടങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കുന്നു. പല ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ട പ്രതികളാണ് കഞ്ചാവ് ലഹരിയില്‍ മൂര്‍ച്ചയേറിയ ആയുധങ്ങളുമായി ഉപ്പളയില്‍ അഴിഞ്ഞാടുന്നത്. ചില സംഘങ്ങള്‍ രാത്രി കാലങ്ങളില്‍ കടയടച്ച് വീട്ടിലേക്ക് പോകുന്ന വ്യാപാരികളെ തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുക്കുന്നതായും പരാതിയുണ്ട്.

No comments