JHL

JHL

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ്​ വൻ അപകടം ; പത്ത്​ മൃതദേഹങ്ങൾ കണ്ടെത്തി

ചമോലി (www.truenewsmalayalam.com): ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ്​ വൻ അപകടം. ദൗലി ഗംഗ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഋഷി ഗംഗ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. ​

ഋഷികേശിലും ഹരിദ്വാറിലും ജാഗ്രത നിർദേശവും നൽകി. പ്രദേശത്ത്​ മിന്നൽ പ്രളയ മുന്നറിയിപ്പ്​ പുറപ്പെടുവിച്ചു. നദിയുടെ കരയിലെ നിരവധി വീടുകൾ നശിച്ചിട്ടുണ്ട്​.

ഇന്തോ- ടിബറ്റർ ബോർഡർ പൊലീസും ദുരന്ത നിവാരണ സേനയും സ്​ഥലത്ത്​ രക്ഷാപ്രവർത്തനം തുടരുകയാണ്​. അളകനന്ദ നദിയുടെ തീരത്തുള്ളവരോട്​ ഒഴിയാൻ നിർദേശം നൽകി.

 

വെള്ളപ്പൊക്കത്തിൽ മരിച്ച പത്ത് പേരുടെ​ മൃതദേഹങ്ങൾ കണ്ടെത്തി. പ്രദേശത്ത്​ കര-വ്യോമസേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്​. നൂറിലധികം പേരെയാണ്​ ഇവിടെ കാണാതായിരിക്കുന്നത്​.

ജോഷിമഠ്​ പ്രദേശത്ത് സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ്​.ഡി.ആർ.എഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്​. ഇന്ത്യൻ സൈന്യത്തിന്‍റെ ആറ് നിരകളായി 600ഓളം ഉദ്യോഗസ്ഥർ ഇതിനകം തന്നെ പ്രളയബാധിത പ്രദേശങ്ങളിലെത്തി. ഹെലികോപ്​ടറുകളും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്​. ഇ​തോടൊപ്പം മെഡിക്കൽ സംഘങ്ങളും മേഖലയിലെത്തി​.

ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് ഹെലികോപ്​ടറുകൾ ഡെറാഡൂണിലും സമീപ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ ഹെലികോപ്​ടറുകളെ വിന്യസിക്കും. വെള്ളപ്പൊക്കം ഉണ്ടായതിന് തൊട്ടുപിന്നാലെ ഇന്തോ-ടിബറ്റൻ ബോർഡർ പട്രോളിംഗ് (ഐ.ടി.ബി.പി) ഉദ്യോഗസ്ഥർ തപോവൻ, റെനി പ്രദേശങ്ങളിൽ എത്തിയിരുന്നു. ചമോലിയിലെ തപോവന് സമീപം തുരങ്കത്തിൽ കുടുങ്ങിയ 16 പേരെയും ഐ.ടി.ബി.പി രക്ഷപ്പെടുത്തി.


 

No comments