JHL

JHL

അന്യ മതത്തില്‍പെട്ട യുവതിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസില്‍ നിന്ന് വലിച്ചിറക്കി കത്തികൊണ്ട് കുത്തിയ സംഭവം; നാല് സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു


മംഗളൂരു: (www.truenewsmalayalam.com 03.04.2021)

അന്യ മതത്തില്‍പെട്ട യുവതിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളായ നാല് സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അത്താവറിലെ ബാലചന്ദ്ര(28), കണ്ടുകയിലെ ധനുഷ് ഭണ്ഡാരി(25), ശക്തിനഗറിലെ ജയപ്രകാശ്(27), ഉര്‍വയിലെ അനില്‍കുമാര്‍(38) എന്നിവരെയാണ് കങ്കനാടി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു ജോക്കട്ടയിലെ അസ്വിദ് അന്‍വര്‍ മുഹമ്മദിനെ(24) കുത്തിപരിക്കേല്‍പ്പിച്ച കേസിലാണ് നാല് പ്രതികള്‍ അറസ്റ്റിലായത്. കേസില്‍ മൊത്തം എട്ടുപ്രതികളാണുള്ളത്. കങ്കനാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പമ്പ്‌വെല്ലില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരായ എട്ടുപേര്‍ സ്വകാര്യബസ് തടഞ്ഞ് അന്‍വര്‍ മുഹമ്മദിനെ ക്രൂരമായി മര്‍ദിക്കുകയും കഠാരകൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് കേസ്. മംഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യബസില്‍ അന്‍വര്‍മുഹമ്മദിനൊപ്പം മറ്റൊരു മതത്തില്‍പെട്ട യുവതിയും സീറ്റിലിരിക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പമ്പ് വെല്ലില്‍ ബസ് തടയുകയും അക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്‍വര്‍ മുഹമ്മദ് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ബാലചന്ദ്രനെതിരെ മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും കങ്കനാടി പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. കണ്ടുകയിലെ ധനുഷ് ഭണ്ഡാരിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം അടക്കമുള്ള കേസുകളുണ്ട്. ശക്തിനഗറിലെ ജയപ്രകാശിനും ഉര്‍വയിലെ അനില്‍കുമാറിനും എതിരെയും കേസുകളുണ്ട്.

No comments