തലപ്പാടി കെ.സി റോഡില്‍ പബ്ജി കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പന്ത്രണ്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൗമാരക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു
തലപ്പാടി: (www.truenewsmalayalam.com 06.04.2021)
ഉള്ളാള്‍ കെ.സി റോഡില്‍ പബ്ജി കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പന്ത്രണ്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൗമാരക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി സ്വദേശി സന്തോഷിനെ(45)യാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കെ.സി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകന്‍ അകീഫിനെ കൊലപ്പെടുത്തിയ കേസില്‍ സന്തോഷിന്റെ പ്രായപൂര്‍ത്തിയാകാത്ത മകനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ശനിയാഴ്ച രാത്രി മുതല്‍ അഫീകിനെ കാണാതായിരുന്നു. മുഹമ്മദ് ഹനീഫിന്റെ പരാതിയില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ അഫീകിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ ആറ് മണിയോടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലെ കെ.സി നഗറിലെ ഫലാഹ് സ്‌കൂളിന്റെ പിറകില്‍ കണ്ടെത്തി. തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ അഫീകിന്റെ മരണം കൊലപാതകമാണെന്നും പബ്ജി കളിക്കിടെയുണ്ടായ തര്‍ക്കമാണ് കാരണമെന്നും വ്യക്തമായി. അകീഫ് പബ്ജി കളിയില്‍ താത്പര്യമുള്ള കുട്ടിയായിരുന്നു. ഇതിനിടെ അയല്‍വാസിയായ സന്തോഷിന്റെ മകനുമായി സൗഹൃദത്തിലായ അകീഫ് ഈ കുട്ടിക്കൊപ്പം പബ്ജി കളിക്കുന്നത് പതിവാക്കി. കളിയില്‍ വിജയിച്ചത് അകീഫാണ്. അകീഫിന് വേണ്ടി വേറെ ആരോ ആണ് പബ്ജി കളിക്കുന്നതെന്ന് സംശയം പ്രകടിപ്പിക്കുകയും ഒരേ സ്ഥലത്ത് നേര്‍ക്ക് നേരെ ഇരുന്ന് കളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം രണ്ട് കുട്ടികളും ഒരിടത്ത് ഇരുന്ന് പബ്ജി കളിക്കുകയും അകീഫ് തോല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തു. പ്രകോപിതനായ ആണ്‍കുട്ടി അകീഫിന്റെ തലയില്‍ വലിയ കല്ലെടുത്ത് ഇടിച്ചു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ് രക്തസ്രാവമുണ്ടായതോടെ അകീഫ് മരണപ്പെട്ടു. ആണ്‍കുട്ടി അകീഫിന്റെ മൃതദേഹം മതിലിനടുത്ത് വലിച്ച് കൊണ്ട് പോയി വാഴയിലയും തെങ്ങിന്റെ ഓലയും കൊണ്ട് മറച്ച് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ മൃതദേഹം കണ്ട നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കേസില്‍ പ്രതിയായ കുട്ടി അച്ഛന്‍ സന്തോഷിനെ അകീഫിനെ കൊലപ്പെടുത്തിയ വിവരം അറിയിച്ചിരുന്നു. എന്നാല്‍ സന്തോഷ് ഈ വിവരം രഹസ്യമാക്കിവെച്ച് മകനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. ഈ സാഹചര്യത്തിലാണ് പൊലീസ് സന്തോഷിനെ കേസില്‍ രണ്ടാംപ്രതിയാക്കിയത്. ഒന്നാംപ്രതിയായ കുട്ടിയെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. കുട്ടിയെ കോടതി നിര്‍ദേശപ്രകാരം ജുവനൈല്‍ഹോമില്‍ പാര്‍പ്പിച്ചു. തലപ്പാടി സ്വദേശിയായ സന്തോഷ് 30 വര്‍ഷമായി ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. അതിനിടെ പ്രതിയായ കുട്ടിയുടെ കുടുംബത്തെ ചിലര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടിയുടെ അമ്മയും സഹോദരനും മാത്രമാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി.
Post a Comment