JHL

JHL

കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് സഭയില്‍ വ്യക്തമാക്കി പ്രധാനമന്ത്രി


 ന്യൂഡല്‍ഹി | കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് രാജ്യസഭയില്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് കാര്‍ഷിക രംഗത്ത് പരിഷ്‌ക്കരണം വേണം. ഇനിയും കാത്ത് നില്‍ക്കാന്‍ സമയമില്ല. നിയമങ്ങളില്‍ പോരായ്മയുണ്ടെങ്കില്‍ മെച്ചപ്പെടുത്താം. താങ്ങുവില നിലനിര്‍ത്താം. ഇതിന് ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ നിയമം നടപ്പാക്കരുതെന്ന് മാത്രം പറയരുത്. ചന്തകളിലെ മാറ്റം മന്‍മോഹന്‍ സിംഗ് നിര്‍ദേശിച്ചതാണ്.ഇതിനാല്‍ കര്‍ഷക നിയമനത്തില്‍ കോണ്‍ഗ്രസിനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചര്‍ച്ച അവസാനിപ്പിച്ച് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കര്‍ഷക സമരത്തേയും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിമര്‍ശിച്ചു. സമര ജീവികള്‍ രാജ്യത്തിന്റെ വികസനത്തിന് വിലങ്ങ് തടിയാണ്. എവിടെയും സമരം നടത്താന്‍ ചിലര്‍ വരും. ഇത്തരം സമര ജീവികളില്‍ നിന്ന് രാജ്യം അകന്ന് നില്‍ക്കണം. സമരത്തിന് നേതൃത്വം നല്‍കുന്ന ചിലര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ട്. ചിലര്‍ സിഖുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സിഖുകാര്‍ രാജ്യത്തിന്റെ അഭിമാനമാണ്.

അവസരങ്ങളുടെ നാടാണ് ഇന്ത്യ. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് നാം കടക്കുകയാണ്. പ്രചോദനത്തിന്റെ വര്‍ഷമായി ഇതിനെ നാം ആഘോഷിക്കണം. രാജ്യത്ത് വലിയതോതില്‍ കോവിഡ് വാക്സിന്‍ വിതരണം നടപ്പാക്കാനായി. ഫാര്‍മസി ഹബ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. നാം ലോകത്തിന് വാക്സിന്‍ വിതരണം ചെയ്തു. നമ്മുടെ ഡോക്ടര്‍മാര്‍ക്ക് രാജ്യാന്തരതലത്തില്‍നിന്നും പ്രശംസ ലഭിച്ചു. മഹാമാരിയുടെ സമയത്ത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം സംയുക്തമായി പ്രവര്‍ത്തിച്ചു. സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി.എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ തുടര്‍ന്നു

.

No comments