JHL

JHL

ബദിയടുക്കയിൽ 184 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ പിടിയിൽ

ബദിയടുക്ക (www.truenewsmalayalam.com): ബെംഗളൂരുവിൽനിന്ന്‌ കാഞ്ഞങ്ങാട്ടേക്ക് കടത്തുകയായിരുന്ന 184 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേരെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി പി.പി. റാഷിദ് (32), കാഞ്ഞങ്ങാട് ആവിയിൽ നിസാമുദ്ദീൻ (32), കാസർകോട് ഉളിയത്തടുക്ക സ്വദേശി ജാബിർ (31) എന്നിവരെയാണ് ആന്റിനർക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ബദിയഡുക്ക മീത്തലെ ബസാറിൽനിന്നാണ് സംഘം പിടിയിലായത്. ഇവരുടെ പാന്റിന്റെ കീശയിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. മാർക്കറ്റിൽ 10 ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്ന് ബെംഗളൂരുവിൽനിന്നാണ് പ്രതികൾ വാങ്ങിയത്. ജില്ലയിലെത്തിക്കുന്ന മയക്കുമരുന്ന് ഗ്രാമിന് ആറായിരത്തോളം രൂപയ്ക്കാണ് സംഘം വിൽപന നടത്തുന്നത്. നേരത്തെയും സമാനരീതിയിൽ എം.ഡി.എം.എ. കടത്തിയിരുന്നതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനാൽ ഇവർനേരത്തേ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ആന്റിനർക്കോട്ടിക് വിഭാഗം, പോലീസ്, സൈബർ സെല്ല് തുടങ്ങിയവരുടെ സംയുക്ത പരിശോധനയിലാണ് പിടിയിലായത്. ഡിവൈ.എസ്.പി. ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം. ആന്റിനർക്കോട്ടിക് വിഭാഗം എസ്.ഐ. സി.കെ. ബാലകൃഷ്ണൻ, എ.എസ്.ഐ. അബ്ദുൾ റഹ്‌മാൻ കല്ലായി, ശ്രീജേഷ്, കാസർകോട് ക്രൈംബ്രാഞ്ച് സി.ഐ. റഹിം, ബേക്കൽ എസ്.ഐ. അജിത്കുമാർ, ബദിയഡുക്ക എസ്.ഐ. അനിൽകുമാർ, സൈബർ സെല്ല് അംഗം വിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ചന്ദ്രൻ, റോജൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.



No comments