JHL

JHL

കോഴിക്കോട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി


കോഴിക്കോട് : (www.truenewsmalayalam.com 09.04.2021)

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി. ഡല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശികളായ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നികുതിയടക്കാതെ കൊണ്ടു വന്ന സ്വര്‍ണം കോഴിക്കോട് വെച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ വിഭാഗമാണ് പിടികൂടിയത്. എണ്‍പതു ലക്ഷത്തോളം രൂപ നികുതി വെട്ടിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. 30 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് പിടികൂടിയിട്ടുള്ളത്. തൃശൂരിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു.

ആര്‍റ്റിഎഫിന്റെ ക്രൈംഡിറ്റാച്ച്മെന്റ് സംഘത്തിന് ലഭിച്ച വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി ട്രെയിനില്‍ കൊണ്ടുപോകുന്ന സ്വര്‍ണം കണ്ടെത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍വെച്ചാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട് എത്തുന്നതിന് മുമ്ബായി രണ്ടുപേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായവരെ ജിഎസ്ടി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.


No comments