ഗതാഗതക്കുരുക്കിൽ വലഞ്ഞ് കുമ്പള; കണ്ടെയ്നർ ലോറികൾ ജംഗ്ഷനിൽ കുടുങ്ങുന്നത് ഗതാഗത തടസ്സത്തിന് കാരണം
കുമ്പള(www.truenewsmalayalam.com) : ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന കുമ്പള ട്രാഫിക് ജംഗ്ഷനിൽ ഗതാഗത തടസ്സം നിത്യ സംഭവം.സീതാംഗോളി വ്യവസായ പാർക്കിലേക്കുള്ള ചരക്ക് വണ്ടികൾ ജംഗ്ഷനിൽ കുടുങ്ങുന്നതാണ് പലപ്പോഴും ഗതാഗത തടസത്തിന് കാരണമാകുന്നത്.
ഇന്ന് ഉച്ചയോടെ മണിക്കൂറുകളോളമാണ് ജംഗ്ഷനിൽ വാഹനഗതാഗത തടസ്സം നേരിട്ടത്, ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുമ്പള ബസ്റ്റാൻഡിൽ നിന്ന് മംഗലാപുരം തലപ്പാടി ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകൾക്കും മറ്റു വാഹനങ്ങൾക്കും പോകാൻ ബസ്റ്റാൻഡിന് മുന്നിലൂടെ തന്നെ നിർമ്മാണ കമ്പനി അധികൃതർ കഴിഞ്ഞാഴ്ച റോഡ് സൗകര്യം ഒരുക്കിയിരുന്നു.എന്നാൽ ഇത് ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നില്ല.
അവശേഷിക്കുന്ന ജംഗ്ഷനിലെ ദേശീയപാത നിർമ്മാണ ജോലികൾ ഈയാഴ്ചയോടെ പുനരാരംഭിക്കുന്നതിനാൽ അന്ന് തുറന്നു കൊടുക്കാനായിരുന്നു തീരുമാനം.എന്നാൽ ജംഗ്ഷനിൽ ട്രാഫിക് കുരുക്ക് രൂക്ഷമായതോടെ നാട്ടുകാർ തന്നെ ഇന്ന് പ്രസ്തുത റോഡ് കൂടി തുറന്നു കൊടുത്താണ് ഗതാഗത തടസ്സം നീക്കിയത്.
ദേശീയപാത നിർമ്മാണം പൂർത്തിയാക്കുകയും, കുമ്പള ജംഗ്ഷൻ അടക്കുകയും ചെയ്താൽ കുമ്പളയിൽ വലിയ ഗതാഗതക്കുരുക്ക് സമീപഭാവിയിൽ നേരിടേണ്ടി വരുമെന്ന് നേരത്തെ തന്നെ നാട്ടുകാരും, വ്യാപാരികളും ജനപ്രതിനിധികൾ മുഖേന ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
സീതാംഗോളി കിംഫ്ര പാർക്കിലേക്കുള്ള കണ്ടെയ്നർ ലോറികൾ കുമ്പള റെയിൽവേ സ്റ്റേഷൻ അണ്ടർ പാസേജ് വഴി ടൗണിലേക്ക് എത്താൻ പ്രയാസം നേരിടുകയും, ഇത് വലിയതോതിൽ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യും.
അതുകൊണ്ടുതന്നെ ജംഗ്ഷനിൽ ദേശീയപാത നിർമ്മാണത്തിൽ മാറ്റം വരുത്തി നിർമ്മാണം പൂർത്തിയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.എന്നാൽ ഇതിന് ദേശീയപാത അതോറിറ്റിയുടെ അനുകൂല നടപടി ഉണ്ടായിട്ടുമില്ല.
Post a Comment