ശ്രീ കോഡ്ദബ്ബു ദൈവ സ്ഥാന നേമോത്സവം സമാപിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗാന്ധി നഗറിൽ നാലു ദിവസങ്ങളിലായി നടന്നുവരുന്ന ശ്രീ കോഡ്ദബ്ബു ദൈവസ്ഥാനം നേമോത്സവത്തിന് ഇന്ന് രാവിലെ ഭണ്ഡാരം തിരിച്ചെഴുന്നള്ളത്ത് നടത്തിയതോടെയാണ് പരിപാടികൾക്ക് സമാപനമായി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളാണ് നേമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. വിശുദ്ധിയും,നന്മയും നിറഞ്ഞ ദൈവസ്ഥാനത്ത് മതസൗഹാർദത്തിന്റെ വിളനിലങ്ങളായി പൂർവികന്മാർ കാണിച്ചുതന്ന വഴികളിലൂടെ സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന നയാനാന്ദകരമായ കാഴ്ച ഇശൽ ഗ്രാമത്തിലെ ഉറൂസിനും,നേമോ ത്സവത്തിനും വേറിട്ടതാണ്.
അതുകൊണ്ടുതന്നെ പതിവ് തെറ്റിക്കാതെ മൊഗ്രാൽ വലിയ ജുമാമസ്ജിദ് കമ്മിറ്റി- മദ്രസ കമ്മിറ്റി ഭാരവാഹികൾ നേമോ ത്സവത്തിന് സ്നേഹം പകർന്ന് ക്ഷേത്ര പരിസരത്തെത്തി.ഇവരെ ശ്രീ കോഡ്ദബ്ബു ദൈവസ്ഥാനം ഭരണസമിതി അംഗങ്ങളായ ജനാർദ്ദന,രമേശ്, ജിതാനന്ദ,ഗംഗാധരൻ, ദിനേശൻ, ലക്ഷ്മണൻ, സമ്പത്ത്,പ്രമോദ് കുമാർ,ശ്രീനിവാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ജമാഅത്ത് കമ്മിറ്റി സെക്രട്ടറി വിപി അബ്ദുൽഖാദർ ഹാജി,ട്രഷറർ ഇബ്രാഹിം കൊപ്പളം,മദ്രസ കമ്മിറ്റി പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,സെക്രട്ടറി ബികെ അൻവർ,ട്രഷറർ മുസ്തഫ കൊപ്പളം എക്സിക്യൂട്ടീവ് അംഗങ്ങൾ, മൊഗ്രാൽ ദേശീയവേദി സെക്രട്ടറി എംഎ മൂസ എന്നിവരാണ് ക്ഷേത്ര പരിസരത്തെത്തി നേമോത്സവത്തിൽ സ്നേഹം പകർന്നത്.
നേരത്തെ നേമോ ത്സവത്തിന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ ക്ഷണിക്കാൻ കാണിക്കയുമായി കഴിഞ്ഞ വെള്ളിയാഴ്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ജുമാമസ്ജിദ് പരിസരത്ത് എത്തിയിരുന്നു.ഇവരെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ക്ഷണം സ്വീകരിച്ചിരുന്നു.ഇത് വഴി പതിറ്റാണ്ടുകളായുള്ള മത സൗഹാർദാന്തരീക്ഷം കാത്തു സൂക്ഷിക്കുകയാണ് ഇശൽഗ്രാമം.
അതിനിടെ ക്ഷേത്ര നേമോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് കൊപ്പളം യൂത്ത് വിങ്ങ് പ്രവർത്തകർ ക്ഷേത്ര പരിസരത്ത് മധുര പാനീയങ്ങൾ വിതരണം ചെയ്തതും ശ്രദ്ധേയമായി.
Post a Comment