അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും -മുഖ്യമന്ത്രി ; ജില്ല പഞ്ചായത്തിന്റെ പുതിയ ഓഫിസ് അനക്സ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു
ഈ വർഷം നവംബറോടുകൂടി അതിദരിദ്ര കുടുംബങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. കാസര്‍കോട് ജില്ലയിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നുവരുന്നുണ്ട്. നേരത്തേ കണ്ടെത്തിയ 2768 കുടുംബങ്ങളിൽ 1800 കുടുംബങ്ങളെ അതിദരിദ്രരുടെ പട്ടികയില്‍നിന്ന് മാറ്റാന്‍ സാധിച്ചിട്ടുണ്ട്.
അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ നമ്മുടെ സംസ്ഥാനം രാജ്യത്തിനുതന്നെ മാതൃകയാണ്. ഓരോ പ്രദേശത്തെയും വികസനമെന്താണെന്ന് അവിടത്തെ ജനങ്ങൾക്കറിയാം. അവരുടെക്കൂടി പങ്കാളിത്തത്തോടെ വികസനപരിപാടി സ്വീകരിക്കുന്നനിലയാണ് ഇപ്പോഴുള്ളത്. സ്ത്രീസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക സുരക്ഷയടക്കം ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലിലായെന്നും പിണറായി വിജയൻ പറഞ്ഞു. ശിൽപി കാനായി കുഞ്ഞിരാമനുള്ള ഉപഹാരവിതരണവും ജില്ലയുടെ സാമൂഹിക-സാമ്പത്തിക റിപ്പോർട്ട് പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രിക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ ഉപഹാരം നൽകി.
ജില്ല പഞ്ചായത്തിന്റെ പുതിയ ഓഫിസ് അനക്സ് കെട്ടിടം അഞ്ചു കോടി മൂന്നുലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കെട്ടിടം നിർമിച്ചത്.ഉദ്ഘാടനച്ചടങ്ങിൽ ‘ദർപ്പണം’ പദ്ധതി ഗുണഭോക്താക്കളായ വനിതകൾക്കുളള നൈപുണി വികസനപരിശീലന സർട്ടിഫിക്കറ്റ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിതരണം ചെയ്തു. അംഗീകൃത ലൈബ്രറികൾക്ക് പുസ്തകം, ഫർണിച്ചർ വിതരണം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണവിതരണം എം. രാജഗോപാലൻ എം.എൽ.എയും ഇല കുടുംബശ്രീ സംരംഭങ്ങൾക്ക് സബ്സിഡി വിതരണം ഇ. ചന്ദ്രശേഖരൻ എം.എൽ.എയും മികച്ച ബി.എം.സി പ്രഖ്യാപനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയും നിർവഹിച്ചു. കൂടുതൽ പച്ചത്തുരുത്തുള്ള ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം കലക്ടർ ഇമ്പശേഖർ നിർവഹിച്ചു. മികച്ച സ്നേഹാരാമം, മികച്ച പച്ചത്തുരുത്ത് പ്രഖ്യാപനം മുൻ എം.പി പി. കരുണാകരൻ നിർവഹിച്ചു.
കെ. മണികണ്ഠൻ, എം. ലക്ഷ്മി, അബ്ബാസ് ബീഗം, മാധവൻ മണിയറ, സിജി മാത്യു, സി.എ. സൈമ, എസ്. ശ്യാമലക്ഷ്മി, എ.പി. ഉഷ, ഖാദർ ബദരിയ, ഗീത കൃഷ്ണൻ, കെ. ശകുന്തള, എസ്.എൻ. സരിത, എം. മനു, ജാസ്മിൻ കബീർ, ഖദീജ, ജി. സുധാകരൻ, എം.വി. ബാലകൃഷ്ണൻ, ഇ. പത്മാവതി, പി.പി. ശ്യാമളദേവി, ഒലീന ടീച്ചർ, സി.പി. ബാബു, പി.കെ. ഫൈസൽ, കല്ലട്ര മാഹിൻ ഹാജി, എം.എൽ. അശ്വിനി, അസീസ് കടപ്പുറം, സജി സെബാസ്റ്റ്യൻ, വി.വി. കൃഷ്ണൻ, ബാങ്കോട് അബ്ദുറഹ്മാൻ, എം. അനന്തൻ നമ്പ്യാർ, കരീം ചന്തേര, സണ്ണി അരമന, പി.ടി. നന്ദകുമാർ, ജെറ്റോ ജോസഫ്, വി.കെ. രമേശൻ, പി.പി. അടിയോടി എന്നിവർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ സ്വാഗതവും ഫിനാൻസ് ഓഫിസർ എം.എസ്. ശബരീഷ് നന്ദിയും പറഞ്ഞു.
Post a Comment