ഉപ്പളയിലെ താലൂക്ക് ഓഫീസ് കെട്ടിടം; കോണിപ്പടി കയറാനാവാതെ വയോധികർ അടക്കമുള്ള അപേക്ഷകർക്ക് ദുരിതം
ഉപ്പള."തന്റെ അപേക്ഷ പരിഗണിച്ചാലും, ഇല്ലെങ്കിലും ഇനി ഈ കോണിപ്പടി കയറാൻ എനിക്കാവില്ല ''ഉപ്പളയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് കയറുന്ന വയോധികന്റെ രോദനമാണിത്.
മഞ്ചേശ്വരം താലൂക്ക് നിലവിൽ വന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇതിന്റെ ഭാഗമായി സ്ഥാപിച്ച ഉപ്പളയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് കയറി ചെല്ലാനാകാതെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കാണ് ഈ ദുരിതം.
ഓഫീസിലെത്തുന്ന വയോജനങ്ങൾക്കും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് ഏറെ പ്രയാസം.ഉപ്പള ബസ്റ്റാൻഡിന് മുൻവശമുള്ള വാടക കെട്ടിടത്തിലെ മുകളിലത്തെ നിലയിലാണ് ഓഫീസുകൾ പ്രവർത്തിച്ചുവരുന്നത്.
ഓഫീസ് സംവിധാനം മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നുവെങ്കിലും കെട്ടിട നിർമ്മാണത്തിന് സർക്കാർ ഫണ്ട് അനുവതിച്ചിരുന്നില്ല. ഈ വർഷത്തെ ബഡ്ജറ്റിലും ആവശ്യം അവഗണിച്ചു.നിലവിലുള്ള ഓഫീസിന്റെ കോണിപ്പടി കയറാനാണ് വയോജനങ്ങൾക്ക് ഏറെ പ്രയാസം നേരിടുന്നത്.ഈ കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യമില്ല.വലിയ വാടക നൽകിയാണ് വർഷങ്ങളായി താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകൾ നിലവിൽ വന്നത്.നേരത്തെ ഇത് കാസർഗോഡിന്റെ ഭാഗമായിരുന്നു. ഇടതുമുന്നണി സർക്കാർ വന്നതോടെ വെള്ളരിക്കുണ്ട് താലൂക്ക് വികസന കാര്യത്തിൽ ഏറെ മുന്നോട്ടു പോയെങ്കിലും,മഞ്ചേശ്വരം പിറകോട്ട് പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
താലൂക്കിന്റെ മറ്റു അടിസ്ഥാന സൗകര്യ വികസനത്തിലും മറ്റു തുടർ നടപടികൾ ഉണ്ടായിട്ടുമില്ല. മംഗൽപാടിയിലെ പഴയ സാമൂഹികാരോഗ്യ കേന്ദ്രം പിന്നീട് താലൂക്ക് ആശുപത്രിയായി ഉയർത്തി ഇപ്പോൾ ഉപ്പളയിൽ പ്രവർത്തിച്ചു വരുന്നുണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം.സപ്ലൈ ഓഫീസ് പ്രവർത്തിക്കുന്നത് ബന്ദിയോടിനടുത്തുള്ള ഒരു കെട്ടിടത്തിലാണ്. ഇവിടെയും കയറി ചെല്ലാൻ പാടാണ്.
താലൂക്കിൽ ഉണ്ടാവേണ്ട ഡിവൈഎസ്പി ഓഫീസ്, കോടതി സമൂച്ചയം,സബ് ജയിൽ,ആർടിഒ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇനിയും താലൂക്ക് അടിസ്ഥാനത്തിൽ വരേണ്ടതുണ്ട്.ഒന്നിനും തുടർനടപടികൾ ഉണ്ടാകുന്നില്ല.ആർടി ഓഫീസ് കുമ്പളയിൽ സ്ഥാപിക്കുമെന്ന് നേരത്തെ പറഞ്ഞു കേട്ടിരുന്നു.
നിലവിലെ താലൂക്ക് ഓഫീസുകളിൽ അടിസ്ഥാന വികസനം ഒരുക്കാതെയാണ് ഇപ്പോൾ സർക്കാർ പുതിയ താലൂക്ക് രൂപീകരണവുമായി മുന്നോട്ടുപോകുന്നത്.
നീലേശ്വരം താലൂക്ക് രൂപവൽക്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടൽ ഉണ്ടായിട്ടുണ്ട്.താലൂക്ക് രൂപീകരണം വേഗത്തിലാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ജില്ലാ കലക്ടർ ലഭിച്ച നിർദ്ദേശം.ഇതുമായി ബന്ധപ്പെട്ട ചർച്ചകളും, യോഗങ്ങളും ഇപ്പോൾ നടന്നുവരുന്നുമുണ്ട്.
Post a Comment