ജില്ലയിൽ മാരക മയക്കുമരുന്നായ എം ഡി എം എ വ്യാപകം ; കാസർകോട് ടൗണിലെ ഫ്രൂട്ട് കച്ചവടക്കാരനും ദേളിയിലെ വീട്ടിൽ നിന്ന് യുവാവിനെയും മയക്കുമരുന്ന് സഹിതം പിടികൂടി
കാസർകോട് : വീട്ടിൽ സൂക്ഷിച്ച 68.317 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ദേളി കുന്നുപാറയിലെ മുഹമ്മദ് റയീസിനെയാണു(35) കാസർകോട് എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്.പ്രശോഭിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽനിന്ന് 2 മൊബൈൽ ഫോണുകളും ആധാർ കാർഡ്, 40000 രൂപയും കണ്ടെടുത്തു. ഇയാൾ മുൻപും എക്‌സൈസ് കേസുകളിൽ അറസ്റ്റിലായിരുന്നെന്ന് അധികൃതർ അറിയിച്ചു. സി.കെ.വി.സുരേഷ്, കെ.നൗഷാദ്, അജീഷ്, സോനു സെബാസ്റ്റ്യൻ, ടി.വി.അതുൽ, ടി.വി.ധന്യ, സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തെരുവോര കച്ചവടത്തിന്റെ മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ യുവാവിൽനിന്ന് 25.9 ഗ്രാം എംഡിഎംഎ പിടികൂടി. കാസർകോട് നഗരത്തിലെ കോഫി ഹൗസ് റോഡരികിൽ പഴവർഗങ്ങൾ കച്ചവടം ചെയ്യുന്ന ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിൽ ബിസ്മില്ല മൻസിൽ ബി.എ.മുഹമ്മദ് ഷമീറിനെയാണ്(28) എസ്ഐ എം.പി.പ്രതീഷ്കുമാറിന്റെയും ഡാൻസാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ലഹരിമരുന്നിനു പുറമേ 26200 രൂപയും പ്രതിയിൽനിന്നു കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്കു കറന്തക്കാട് വച്ചാണു പ്രതിയെ പിടികൂടിയത്ഉപ്പളയിൽനിന്നു എംഡിഎംഎയുമായി പ്രതി കാസർകോട്ടേക്കു പുറപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്നു ഡാൻസാഫ് ടീം അംഗങ്ങളായ എസ്ഐ കെ.നാരായണൻ നായർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ് മാണിയാട്ട്, സിവിൽ പൊലീസ് ഓഫിസർ ജെ.ഷജീഷ് എന്നിവർ കറന്തക്കാട്ട് കാത്തു നിന്നു. ഇതിനിടെ ബസിൽ നിന്നിറങ്ങിയ പ്രതി പൊലീസിനെകണ്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. ടൗൺ സ്റ്റേഷനിൽനിന്ന് എസ്ഐ എം.പി.പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ചന്ദ്രശേഖരൻ, സിവിൽ പൊലീസ് ഓഫിസർ പി.വി.ലിനീഷ്, സനീഷ് ജോസഫ് എന്നിവരുമെത്തിയാണ് അറസ്റ്റ് ചെയ്തത്.
Post a Comment