ബൈതുസ്സകാത്ത് കേരളയുടെ പ്രവർത്തനം മാതൃകാപരം; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ
കാസർകോട്(www.truenewsmalayalam.com) : ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യം വെച്ചുള്ള ബൈതുസ്സകാത്ത് കേരളയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.
ബൈത്തുസ്സക്കാത്ത് കേരളയുടെ ഇരുപത്തിയഞ്ചാം വാർഷികാചരണത്തിന്റെ ഭാഗമായി ചെങ്കള പഞ്ചായത്തിലെ നാൽതടുക്കയിൽ സ്ഥാപിക്കുന്ന "യൂണിറ്റി വില്ലേജിൻ്റെ" നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതരും ഭവന രഹിതരുമായ പാവങ്ങൾക്ക് ഭൂമിയും വീടും എന്ന ബൈത്തുസ്സക്കാത്ത് കേരളയുടെ പദ്ധതി ഏറെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റി വില്ലേജിൽ പത്ത് ഭവന രഹിതർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. കൂടാതെ കമ്മ്യൂണിറ്റി ഹാൾ, തൊഴിൽ പരിശീലന കേന്ദ്രം, ലൈബ്രറി, വായന ശാല എന്നിവയും യൂണിറ്റി വില്ലേജിൽ ഉണ്ടാവും.
ബൈത്തു സക്കാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് സഈദ് ഉമർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി എ യൂസുഫ് , പഞ്ചായത്ത് അംഗം ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. പി എസ് അബ്ദുല്ല കുഞ്ഞി സ്വാഗതവും ബി കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Post a Comment