JHL

JHL

മഞ്ചേശ്വരം താലൂക്ക് യാഥാർഥ്യമായി ഒരുപതിറ്റാണ്ട്, ഓഫീസ് പ്രവർത്തനം വാടക കെട്ടിടത്തിൽ; സമരത്തിനൊരുങ്ങി മംഗൽപാടി ജനകീയ വേദി


ഉപ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്ക് അനുവദിച്ച് ഒരു പതിറ്റാണ്ടു പിന്നിടുമ്പോൾ, വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിന് സ്വന്തമായി കെട്ടിടം അനുവദിക്കാൻ കഴിയാത്തത് സർക്കാരിൻ്റെയും ജനപ്രതിനിധികളുടെയും തികഞ്ഞ അനാസ്ഥയെന്ന് മംഗൽപ്പാടി ജനകീയവേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

താലൂക്ക് അനുബന്ധ ഓഫീസുകൾ അനുവദിക്കാതെ ഭാഷാ ന്യൂനപക്ഷങ്ങളോട് സർക്കാർ കടുത്ത അവഗണനയാണ് കാട്ടുന്നത്. അനുവദിച്ച ഓഫീസുകളാവട്ടെ വാടക കെട്ടിടത്തിലും.

ഇതിനെതിരേ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ജനകീയ വേദി നേതൃത്വം നൽകും.

2014 താലൂക്ക് അനുവദിച്ചതു തൊട്ട്  ഉപ്പള നഗരത്തിലെ സ്വകാര്യ കെട്ടിടത്തിലെ മുകളിലത്തെ നിലയിലാണ് പ്രധാന ഓഫീസുകൾ  പ്രവർത്തിക്കുന്നത്.

ലിഫ്റ്റ് സൗകര്യം പോലുമില്ലാത്ത ഇവിടെ പ്രായമായവരും സ്ത്രീകളും, രോഗികളടക്കമുള്ളവർ  ഓഫീസിൻ്റെ കോണിപ്പടി കയറാൻ നന്നേ പാടുപെടേണ്ട അവസ്ഥയാണ്. 

മഞ്ചേശ്വരം താലൂക്കിനൊപ്പം അനുവദിച്ച വെള്ളരിക്കുണ്ട് താലൂക്ക് എല്ലാ അർത്ഥത്തിലും പൂർണ സജ്ജമാണ്. 

സംസ്ഥാനത്ത് പുതിയ താലൂക്കുകൾക്ക് വേണ്ടി സർക്കാർ ധൃതിപിടിച്ച് ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളുമ്പോൾ  മഞ്ചേശ്വരം താലൂക്കിനെ മാത്രം  അവഗണിക്കുന്നത് വഞ്ചനയാണ്.

താലൂക്ക് ഓഫീസ് പ്രവർത്തിക്കാനാവശ്യമായ യാതൊരുവിധ സൗകര്യങ്ങളോ മറ്റോ ഇല്ലാത്ത കെട്ടിടത്തിൽ  ഉടമയുടെ താല്പര്യത്തിനനുസരിച്ചാണ് ഓഫീസ് സൗകര്യം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സാധാരണക്കാർ ഓഫീസിലെത്തിയാൽ ബന്ധപ്പെട്ട സെക്ഷൻ എവിടെയാണെന്ന് പോലും അറിയാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്നു.

മഞ്ചേശ്വരത്തിന് എന്നും അവഗണന മാത്രമാണെന്നും ജനങ്ങളുടെ ഇത്തരം പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാരെന്നും ജനകീയ വേദി കുറ്റപ്പെടുത്തി.  ഇത്തവണത്തെ ബജറ്റിലും മഞ്ചേശ്വരം താലൂക്കിന്റെ പേര് പരാമർശിച്ചിട്ടില്ല. 

തലൂക്ക് അടിസ്ഥാനത്തിൽ നിലവിൽ വന്ന സപ്ലൈ ഓഫീസ്, താലൂക്ക് ആശുപത്രി എന്നിവയുടെയും സ്ഥിതി മറിച്ചല്ല.

കോടതി സമുച്ഛയം, സബ് ജയിൽ,ഡി.വൈ.എസ്.പി ഓഫീസ്, ആർ.ടിഒ ഓഫീസ് തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങൾ എന്ന് യഥാർഥ്യമാകുമെന്ന കാര്യത്തിലും വ്യക്തതയില്ല. 

എൺമകജെ, പുത്തിഗെ, കുമ്പള, പൈവളിഗെ, മഞ്ചേശ്വരം, മീഞ്ച, വോർക്കാടി തുടങ്ങിയ പഞ്ചായത്തുകളി ലുള്ളവർക്ക് എത്തിപെടാൻ ഏറ്റവും സൗകര്യപ്രദമായ ഉപ്പളയിൽ താലൂക്ക് ഓഫീസിന് വേണ്ടി സ്ഥലം കണ്ടെത്തിയിരുന്നു. 

എത്രയും വേഗം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും, ഇനിയും അനാസ്ഥയും അവഗണനയും തുടർന്നാൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജനകീയ വേദി ഭാരവാഹികളായ അബൂതമാം, സിദ്ധീഖ് കൈകമ്പ, ആശാഫ് മൂസ,ഷാജഹാൻ ബഹ്‌റൈൻ, ഷംസു കുബണുർ, സാജൻ കുക്കാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.




No comments