റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല,കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്നുള്ള ആവശ്യത്തിനും നടപടികളില്ല, അവഗണനക്കെതിരെ പ്രക്ഷോഭം തുടരാൻ സംഘടനകൾ
കാസറഗോഡ് റെയിൽവേ സ്റ്റേഷൻ വികസനം മാത്രമാണ് ജില്ലയിൽ പൂർത്തിയായിട്ടുള്ളത്. മറ്റുള്ള സ്റ്റേഷനുകളോടുള്ള അവഗണന തുടരുകയാണ്.വടക്കേ മലബാറിലെ റെയിൽവേ യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ കോഴിക്കോട്-മംഗളൂരു റൂട്ടിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കണമെന്ന് ആവശ്യവുമായി നേരത്തെ തന്നെ വ്യാപാരികൾ, പാസഞ്ചേഴ്സ് അസോസിയേഷൻ അടക്കമുള്ള നിരവധി സംഘടനകൾ വലിയ പ്രതിഷേധ പരിപാടികളൊക്കെ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര ബഡ്ജറ്റിൽ ഇത് പ്രതീക്ഷിച്ചതുമാണ്. എന്നിട്ടും അധികൃതർ കണ്ണുതുറക്കാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനുള്ള നടപടികളാണ് ഇപ്പോൾ സംഘടനകൾ ആലോചിച്ചു വരുന്നത്.
കോഴിക്കോടും,കണ്ണൂരും അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്കോ, മഞ്ചേശ്വരംവരെയോ നീട്ടണമെന്ന ആവശ്യം വർഷങ്ങളായി യാത്രക്കാരും, സംഘടനകളും ആവശ്യപ്പെട്ടു വരികയാണ്. ഷോർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്സ് മഞ്ചേശ്വരംവരെയോ, മംഗളൂരുവരെയോ നീട്ടണമെന്നാണ് യാത്രക്കാരുടെ മറ്റൊരാവശ്യം.ദീർഘദൂര ട്രെയിനുകൾക്ക് ജില്ലയിൽ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുക,പരശുറാം എക്സ്പ്രസ്സിന് മഞ്ചേശ്വരം,കുമ്പള, കോട്ടിക്കുളം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുക, തിരുവനന്തപുരം- ഷോർണൂർ വേണാട് എക്സ്പ്രസ് മംഗളൂരിലേക്ക് നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ കാലങ്ങളായി യാത്രക്കാർ ആവശ്യപ്പെട്ട് വരുന്നതുമാണ്.ഒന്നിനും നടപടി ഉണ്ടായിട്ടില്ല.ഇത് സംബന്ധിച്ച് പാസഞ്ചേഴ്സ് അസോസിയേഷനും, വ്യാപാരികളും,സന്നദ്ധ സംഘടനകളും നിരന്തരമായി റെയിൽവേ അധികൃതർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകിവരുന്നതുമാണ്. ഈ വിഷയത്തിൽ ഇനി വലിയ ജനകീയ സമരങ്ങൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംഘടനകൾ.
Post a Comment