JHL

JHL

വഖഫ് ബിൽ മുസ്‌ലിം വംശഹത്യ ശ്രമത്തിന്റെ തുടർച്ച : സോളിഡാരിറ്റി-എസ്.ഐ.ഒ മാർച്ച്

കാസർകോട് : സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധ വംശീയ ഉന്മൂല ഗൂഢ പദ്ധതിയുടെ തുടർച്ചയായിട്ടാണ് വഖഫിനെ തകർക്കാൻ ലക്ഷ്യം വെച്ച് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച ഉമീദ് ബില്ലെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷിബിൻ റഹ്മാൻ അഭിപ്രായപ്പെട്ടു. വഖഫ് വിരുദ്ധ കേന്ദ്രബില്ലിനെതിരെ സോളിഡാരിറ്റി-എസ്.ഐ.ഒ കാസർകോട്  ജില്ലാ കമ്മിറ്റികൾ സംയുക്തമായി നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സഹസ്രാബ്ദങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട ഇന്ത്യയുടെ സാമൂഹ്യ പുരോഗതിയിൽ വലിയ പങ്കുവഹിച്ച വഖഫ് സംവിധാനങ്ങളെ ഇല്ലാതാക്കുക വഴി സംഘപരിവാർ ലക്ഷ്യം വെക്കുന്ന മുസ്‌ലിം വിരുദ്ധ വംശഹത്യ ശ്രമങ്ങളെ തെരുവിൽ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നിർമ്മിതിയിൽ സുപ്രധാന പങ്ക് വഹിച്ച വഖഫിനെതിരായ നീക്കം രാജ്യത്ത് സാമൂഹ്യ നവോത്ഥാനത്തിന് വഴിവെട്ടിയ ഒരു സമുദായത്തിനെതിരേയുള്ള വംശീയ ഫാസിസ്റ്റ് ശക്തികളുടെ ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നും അതിനെതിരെ തെരുവുകളിൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരണമെന്നും അധ്യക്ഷത വഹിച്ച് സംസാരിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ആലങ്കോൾ ആഹ്വാനം ചെയ്തു. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. സോളിഡാരിറ്റി  ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുഹിയുദ്ദീൻ സ്വാഗതവും എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അമാൻ മഞ്ചേശ്വരം സമാപനവും നിർവഹിച്ചു . ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി പി.എസ് അബ്ദുല്ല കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. അദ്നാൻ മഞ്ചേശ്വരം, സജീർ പള്ളിക്കര, യൂസഫ് ഫഹദ്, അഹമ്മദ് സഹലാൻ, ഫഹ്മി പള്ളിക്കര, മുഹമ്മദ് അനൂഷ്, മിർഫാസ്, ഖാദർ മഞ്ചേശ്വരം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി

No comments