മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം
മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം ഭോപ്പാൽ: മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ശാരദ കനാലിലേക്ക് ബസ് മറിഞ്ഞ് 32 പേർ മരിച്ചു. നിരവധി പേരെ വെള്ളത്തിൽ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാലത്തിൽ നിന്നും ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ബസിൽ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. ഏഴ് പേരെ രക്ഷപെടുത്തി.
പുലർച്ചെ 7.30-നായിരുന്നു അപകടം. സിദ്ധിയിൽ നിന്നും സാറ്റ്നയിലേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. മധ്യപ്രദേശ് ദുരന്തനിവാരണ സേന അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം സുഗമമാകാൻ ബൻസാഗർ ഡാമിലെ വെള്ളം തുറന്നുവിട്ടു.
അപകടത്തിന് പിന്നാലെ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്ന സർക്കാർ പരിപാടി മധ്യപ്രദേശ് സർക്കാർ റദ്ദാക്കി. അപകടത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നടുക്കം രേഖപ്പെടുത്തി.
രണ്ടു മന്ത്രിമാർ സംഭവ സ്ഥലത്തുണ്ടെന്നും സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും നടത്തുമെന്നും മരിച്ചവരുടെ കുടുംബത്തിന് സഹായധനമായി അഞ്ച് ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Post a Comment