JHL

JHL

പൗരത്വ പ്രക്ഷോഭത്തെ പിന്തുണച്ചവർക്കെതിരെ കേസ്: പിണറായി സർക്കാർ മോദിക്കു പഠിക്കുകയാണ്- വെൽഫെയർ പാർട്ടി

 

തിരുവനന്തപുരം (www.truenewsmalayalam.com): പൌരത്വ പ്രക്ഷോഭത്തെ പിന്തുണച്ച കേരളത്തിലെ വിവിധ സാംസ്കാരിക, സാമൂഹ്യ രാഷ്ട്രീയ നേതാക്കൾക്കെതിരെ കേസെടുത്ത കേരള പോലീസിന്റെ നടപടി ജനകീയ പ്രക്ഷോഭകരെ വേട്ടയാടുന്ന മോദി സർക്കാരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന്‌ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. കേരളത്തിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുന്നത് 2019 ഡിസംബറിൽ വെൽഫെയർ പാർട്ടിയടക്കം നാല് രാഷ്ട്രീയ പാർട്ടികളും വിവിധ സാമൂഹ്യ സാസ്കാരിക പ്രവർത്തകരും പിന്തുണച്ച ജനകീയ ഹർത്താലോടെയായിരുന്നു. ഹർത്താലിനെ പിന്തുണച്ചതിന്റെ പേരിൽ വെൽഫെയർ പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ കെ.അംബുജാക്ഷൻ, സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, എസ്.ഡി.പി.ഐ നേതാക്കളായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, ബി.എസ്.പി നേതാക്കളായ ജെ. സുധാകരന്‍ ഐ.എ.എസ്, മുരളി നാഗ, ഡി.എച്ച്.ആര്‍.എം പാര്‍ട്ടി നേതാവ് സജി കൊല്ലം, സാമൂഹിക-സംസ്‌കാരിക പ്രവര്‍ത്തകരായ ഗ്രോവാസു, ജെ.ദേവിക, എന്‍.പി ചേക്കുട്ടി, ഗോമതി, നാസര്‍ ഫൈസി കൂടത്തായി, ഗോമതി, കെ.ജി ജഗദീഷന്‍, അംബിക, അഡ്വ. പി.എ പൗരന്‍, ഒ.പി. രവീന്ദ്രന്‍, ഹാഷിം ചേന്ദംമ്പിള്ളി, ബി.എസ് ബാബുരാജ്, പ്രൊഫ. ജി ഉഷാകുമാരി, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), സതീഷ് പാണ്ടനാട് (കെ.ഡി.പി), എം.എന്‍ രാവുണ്ണി (പോരാട്ടം), നഹാസ് മാള (സോളിഡാരിറ്റി), അഡ്വ. ഷാനവാസ് ഖാന്‍ (മൈനോറിറ്റി റൈറ്റ്സ് വാച്ച്), അഡ‍്വ. എ.എം.കെ നൗഫല്‍ (ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍), സാലിഹ് കോട്ടപ്പള്ളി (എസ്.ഐ.ഒ), അന്തരിച്ച മത്സ്യതൊഴിലാളി നേതാവ് ടി.പീറ്റർ അടക്കം മുപ്പത്തിമൂന്ന് പേർക്കെതിരെ കോഴിക്കോട് ടൗൺ പോലീസെടുത്ത കേസിൽ സമൻസ് വന്നിരിക്കുകയാണ്.

ദേശീയ തലത്തിൽ കർഷക പ്രക്ഷോഭത്തിനെതിരെയും പൌരത്വ പ്രക്ഷോഭത്തിനെതിരെയും ഭീമാ കൊറേഗാവ് അനുസ്മരണം നടത്തിയവർക്കെതിരെയും കള്ളക്കേസെടുത്തു വേട്ടയാടിയ മോദി സർക്കാരിന്റെ അതേ രീതി തന്നെയാണ് പിണറായി സർക്കാരും പിന്തുടരുന്നത്. പൌരത്വ നിയമം നടപ്പാക്കില്ല എന്ന പിണറായി വിജയൻറെ പ്രഖ്യാപനം വെറും വിടുവായത്തം മാത്രമാണെന്നു തെളിയിക്കുന്നതാണ് ഇത്. മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളെ അപ്പടി അനുകരിക്കുന്ന പിണറായി സർക്കാർ ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. ഇതിനെതിരെ കേരള ജനത ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

No comments