JHL

JHL

നിയമസഭ തെരഞ്ഞെടുപ്പ്; ധര്‍മജന് പിന്നാലെ ജഗദീഷും;


 കൊല്ലം: നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേശ്കുമാറും ധര്‍മ്മജനുമെല്ലാം താരപരിവേഷം തീര്‍ക്കാനിരിക്കെ കഴിഞ്ഞ തവണ ഗണേശ് കുമാറിനും രഘുവിനും എതിരേ പത്തനാപുരത്ത് മത്സരിച്ച ജഗദീഷ് ഇക്കുറിയും മത്സരരംഗത്ത് ഉണ്ടായേക്കുമെന്ന് സൂചനകള്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഗണേശ് കുമാറിനെതിരേ മത്സരിച്ച ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

എല്ലാ മുന്നണികളും സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ പരിചയ മുഖങ്ങളെയും പരിചയ സമ്പന്നരെയും മികച്ച വ്യക്തിത്വങ്ങളെയും എല്ലാമാണ് മത്സര രംഗത്ത് പരിഗണിക്കുന്നത്. 2016 ല്‍ ഗണേശ് കുമാറിനെതിരേ മത്സരിച്ചപ്പോള്‍ 49,867 വോട്ടുകള്‍ ജഗദീഷ് പിടിച്ചിരുന്നു. എന്നാല്‍ 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഗണേശ്കുമാര്‍ പത്തനാപുരം പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം ഇത്തവണ ഗണേശ് കുമാര്‍ കൊട്ടാരക്കരയിലേക്ക് മാറിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എഷാപോറ്റി ഇത്തവണ മത്സരിക്കാത്ത സാഹചര്യത്തില്‍ കെ.എന്‍.ബാലഗോപാലിനെ ഗണേശ്കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് നിര്‍ത്തി ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള കൊട്ടാരക്കരയിലേക്ക് ഗണേശിനെ മാറ്റാനാണ് ആലോചന. പക്ഷേ താരം ഇതുവരെ പത്തനാപുരം വിടാനുള്ള തീരുമാനം ഉറപ്പാക്കിയിട്ടില്ല.

നേരത്തേ കോണ്‍ഗ്രസ് ഹാസ്യതാരം ധര്‍മ്മജനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് വാര്‍ത്ത പുറത്തു വിട്ടിരുന്നു. കോഴിക്കോട്ട് ബാലുശ്ശേരി മണ്ഡലത്തിലേക്കാണ് ധര്‍മ്മജനെ പരിഗണിക്കുന്നത്. ധര്‍മ്മജന് വേണ്ടി മുസ്ലീംലീഗ് സീറ്റ് കോണ്‍ഗ്രസിന് വിട്ടു കൊടുത്തേക്കുമെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. സിനിമാതാരങ്ങളില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപിയെ പരീക്ഷിച്ച ബിജെപിയുടെ സീറ്റില്‍ മത്സരിക്കാന്‍ സിനിമാ ടെലിവിഷന്‍ താരങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുമ്പോട്ട് വന്നിട്ടുണ്ട്


No comments