JHL

JHL

ഐഎസ്എല്ലിലെ മോശം റഫറിയിംഗ്: മഞ്ഞപ്പട ഫിഫയ്ക്ക് പരാതി നല്‍കി

 


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം റഫറിയിംഗിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഫിഫയ്ക്ക് പരാതി നല്‍കി. നിരവധി തവണ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തില്‍ എതിര്‍ ടീമിന് അനുകൂലമായി റഫറി വിധിയെഴുതിയ സാഹചര്യത്തിലാണ് മഞ്ഞപ്പട രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷനു (ഫിഫ) പരാതി നല്‍കിയത്. ഇമെയില്‍ വഴിയാണ് ഫിഫയ്ക്ക് മഞ്ഞപ്പട പരാതി നല്‍കിയിരിക്കുന്നത്.

ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്), ഐഎസ്എല്‍ സംഘാടകര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഫിഫയെ സമീപിക്കുന്നതെന്ന് മഞ്ഞപ്പട പരാതിയില്‍ പറയുന്നു. കളിയുടെ സൗന്ദര്യം നഷ്ടപ്പെടുന്ന വിധത്തിലേക്ക് ഒഫീഷ്യലുകളുടെ ഇടപെടല്‍ നീങ്ങുന്നത് പലപ്പോഴായി സംഭവിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് എതിരെ ഒട്ടേറെ തീരുമാനങ്ങള്‍ സംഭവിച്ചു. ചില ടീമുകള്‍ക്ക് അനുകൂലമായി പലപ്പോഴും തീരുമാനങ്ങള്‍ വരുന്നത് യാദൃശ്ചികം മാത്രമാണെന്ന് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഫുട്‌ബോളിലേക്ക് ഇന്ത്യയിലെ യുവതലമുറ തിരിയുന്ന സമയമാണ്. ഗെയിമിന്റെ നിലവാരം കുറയ്ക്കുന്ന നടപടികള്‍ അവരെ അകറ്റും. ഇത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് തന്നെ വിഘാതമാകുമെന്നും റഫറിയിംഗ് മെച്ചപ്പെടുത്തുന്നതിന് ഫിഫയുടെ അടിയന്തിര ഇടപെടല്‍ വേണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു.

ഇതുവരെ നിരവധി മത്സരങ്ങളിലാണ് മോശം റഫറിയിംഗ് കാരണം ബ്ലാസ്റ്റേഴ്‌സിന് അര്‍ഹമായ ജയം നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം എടികെ മോഹന്‍ ബഗാനെതിരെ നടന്ന മത്സരത്തില്‍ അനാവശ്യമായി കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ റഫറി പെനല്‍റ്റി വിധിച്ചിരുന്നു. ബോക്‌സിനുള്ളില്‍ എതിര്‍ താരം ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കൈയ്യില്‍ കൊണ്ട ബോള്‍ ഹാന്‍ഡ് വിളിക്കുകയും പെനാല്‍ട്ടി വിധിക്കുകയുമായിരുന്നു. മറ്റൊരു ഗോള്‍ ഓഫ് സൈഡ് ആയിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ജംഷഡ്പുര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഗാരി ഹൂപ്പറിന്റെ തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോള്‍ വര കടന്നെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ഇതു രണ്ടും കളിയില്‍ നിര്‍ണായകമായി. നേരത്തെയും ഇത്തരത്തില്‍ വിവാദ തീരുമാനങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ റഫറിമാര്‍ കൈകൊണ്ടിരുന്നു.


No comments