JHL

JHL

സ്കൂൾ കായിക മേളകളിലും, കലോത്സവങ്ങളിലും കുട്ടികൾക്ക് വേണ്ടത്ര പരിശീലനം നൽകുന്നില്ല: തട്ടിക്കൂട്ടിയുള്ള ഏർപ്പാട് വിദ്യാർത്ഥികളുടെ ജീവന് ഭീഷണി. -കോൺഗ്രസ്‌-ഐ


കുമ്പള.സ്കൂളുകളിൽ നടക്കുന്ന കായിക മേളകളിലും, കലോത്സവങ്ങളിലും കുട്ടികൾക്ക് വേണ്ടത്ര പരിശീലനം നൽകുന്നില്ലെന്നും, തട്ടിക്കൂട്ടി ഉണ്ടാക്കുന്ന  ഏർപ്പാടുകളാണ് ഇപ്പോൾ ഗെയിംസ്- കലോത്സവ മത്സരങ്ങളെന്നും കുറ്റപ്പെടുത്തി കുമ്പളമണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി രംഗത്ത്.

 ജില്ലയിലെ പല സ്കൂളുകളിലും കായികാധ്യാപകരുടെ കുറവുണ്ട്.ഇത് പരിഹരിക്കാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകുന്നില്ല. പരിശീലനം നൽകാതെ കുട്ടികളുടെ കായികാക്ഷമത പരീക്ഷിക്കുകയാണ് സ്കൂൾ അധികൃതർ ചെയ്യുന്നത്.ഇത് പലപ്പോഴും വിദ്യാർത്ഥികളുടെ ജീവന് തന്നെ ഭീഷണിയാകുന്നുണ്ട്. സ്കൂൾ കായികമേളയ്ക്കിടെ കഴിഞ്ഞദിവസം ഒരു വിദ്യാർത്ഥി കുഴഞ്ഞുവീണ മരിച്ച സംഭവം ഇതിന് ഉദാഹരണമാണെന്നും രവി പൂജാരി പറഞ്ഞു.

 മുൻകാലങ്ങളിൽ സ്കൂളുകളിൽ കായികമേളകളും, കലോത്സവങ്ങളും നടക്കുമ്പോൾ മാസങ്ങൾക്കുമുമ്പേ ഇതിന്റെ ഒരുക്കവും, പരിശീലനവും നടത്താറുണ്ട്.ഇന്ന് അങ്ങനെയല്ല,തീയതി തീരുമാനിക്കുന്നു, കായികമേളകളും കലോത്സവങ്ങളും നടത്തുന്നു.വേണ്ടത്ര പരിശീലനം ലഭിക്കാത്തതുകൊണ്ട് ജില്ലയിൽ നിന്ന് സ്റ്റേറ്റ് ലെവലിലേക്ക് ഉയർന്നു വരാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നില്ല. എങ്ങിനെയെങ്കിലും കായികമേളകളും, കലോത്സവങ്ങളും ഒന്ന് നടത്തി കിട്ടിയാൽ മതി എന്നതാണ് സ്കൂൾ അധികൃതരുടെ നിലപാട്. ഇത് കുട്ടികൾക്ക് വിവിധ മേഖലകളിൽ ഉയർന്നു വരുന്നതിന് തടസ്സമാണെന്നും രവി പൂജാരി ചൂണ്ടിക്കാട്ടുന്നുണ്ട്.

 സ്കൂളുകളിൽ ഒഴിവുള്ള കായികാധ്യാപകരെ നിയമിച്ചുകൊണ്ടും, സ്കൂൾ മേളകൾ കുട്ടികളുടെ ഉയർച്ചയ്ക്ക് ഉപകരിക്കുന്ന നിലയിലും നടത്താൻ വിദ്യാഭ്യാസ വകുപ്പും,സ്കൂൾ അധികൃതരും നടപടി സ്വീകരിക്കണമെന്ന് രവി പൂജാരി ആവശ്യപ്പെട്ടു.

No comments