JHL

JHL

തെങ്ങുകയറ്റ തൊഴിലാളി ക്ഷാമം: കേര കർഷകർ നിരാശയിൽ തന്നെ.

കാസർഗോഡ്. തെങ്ങിൽ കയറാൻ ആളിനെ അന്വേഷിച്ചു നെട്ടോട്ടമോടുന്ന കാലമാണിത്.ഓരോ തെങ്ങിൽ നിന്ന് കിട്ടുന്ന തേങ്ങയുടെ വിലയെക്കാളും കൂടുതൽ തുകയാണ് പലരും തെങ്ങുകയറ്റത്തിന് കൂലിയായി ആവശ്യപ്പെടുന്നത്. പച്ച തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന സന്ദർഭത്തിൽ പോലും തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാത്തത് നാളികേര കർഷകരെ നിരാശയിലാക്കുന്നു.

 പച്ച തേങ്ങ പറിച്ചു വിൽക്കേണ്ട സമയത്ത് തെങ്ങ് കയറ്റ തൊഴിലാളികളെ കിട്ടാത്തതിനാൽ തെങ്ങുകളിൽ നിന്ന് തേങ്ങ ഉണങ്ങി വീഴുകയാണ്. ഇതിനാകട്ടെ വിലയുമില്ല. പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളികൾ ഇപ്പോൾ ഈ തൊഴിലിനോട് വിമുഖത കാണിക്കുന്നതും, പുതുതലമുറ ഈ രംഗത്തേക്ക് വരാൻ മടിക്കുന്നതുമാണ് തൊഴിലാളിക്ഷാമം ഇത്രത്തോളം രൂക്ഷമാക്കിയത്. ഇപ്പോഴത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 15 കോടി തെങ്ങുകളു ണ്ടെന്നാണ് നാളികേര വികസന കോർപ്പറേഷൻ കണക്ക്. ഇതനുസരിച്ച് തേങ്ങ പറിക്കാനുള്ള നാമമാത്രമായ തൊഴിലാളികളാണ് ഇപ്പോൾ ഈ രംഗത്തുള്ളത്.

 ഇപ്പോൾ ഒരു തെങ്ങിൽ കയറിയാൽ 50 രൂപയാണ് തെങ്ങ് കയറ്റ  തൊഴിലാളിയുടെ കൂലി.നേരത്തെ ഇത് 30-40 രൂപ എന്ന ക്രമത്തിലായിരുന്നു. തൊഴിലാളിക്ഷാമം ഇത് കൂലി കൂട്ടുന്ന അവസ്ഥയിലേക്കെ ത്തി. പച്ച തേങ്ങയ്ക്ക് 80 രൂപ വിപണിയിൽ വില ഈടാക്കിയപ്പോൾ തൊഴിലാളികളുടെ കൂലി 60 രൂപയായി വർദ്ധിപ്പിച്ചു.

 തൊഴിലാളിക്ഷാമം പരിഹരിക്കാൻ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ചുള്ള പരിശീലനമൊക്കെ മുറപോലെ നടക്കുന്നുണ്ടെങ്കിലും തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയ്ക്ക് പരിഹാരമാ യിട്ടില്ലെന്ന് നാളികേര കർഷകർ പറയുന്നു. തെങ്ങുകയറ്റ തൊഴിലാളികൾക്ക് സർക്കാരിൽ നിന്ന് വേണ്ടത്ര സംരക്ഷണമോ, സഹായമോ ലഭിക്കാത്തതാണ് ഈ രംഗത്ത് വരാൻ ജോലിക്കാർ മടിക്കുന്നതെന്നാണ് പറയുന്നത്. തെങ്ങുകയറ്റ തൊഴിലാളികൾ  തെങ്ങിൽ നിന്ന് വീണ് മരിക്കുന്നതും, ഗുരുതരമായി പരിക്കേൽക്കുന്നതുമായ  സംഭവങ്ങളൊക്കെ ഉണ്ടായിട്ടും ഈ വിഷയം സർക്കാർ ഗൗരവത്തിൽ എടുത്തില്ലെന്ന ആക്ഷേപവും തെങ്ങുകയറ്റ തൊഴിലാളികൾക്കുണ്ട്.

 തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം കണക്കിലെടുത്ത് നാളികേര വികസന ബോർഡ് തെങ്ങുകയറ്റ തൊഴിലാളികളുടെ ഡയറക്ടറി തന്നെ തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം കാസർഗോഡ് ജില്ലയിൽ മാത്രം 1500ലേറെ തെങ്ങുകയറ്റ തൊഴിലാളികളു ണ്ടെന്ന് 2015ൽ പ്രസിദ്ധീകരിച്ച  ഡയറക്ടറിയിലുണ്ട്. തെങ്ങുകയറ്റ പരിശീലനം നേരിടുന്ന ഓരോ തൊഴിലാളിക്കും ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തുമെന്നും, വിജ്ഞാൻ കേന്ദ്രയുടെ സഹായത്തോടെ ഈ പദ്ധതി നടപ്പിലാക്കുമെന്നും നാളികേര വികസന കോർപ്പറേഷൻ അറിയിച്ചിരുന്നതുമാണ്.



No comments