ദേശീയപാത നിർമ്മാണം : തൊഴിലാളികളുടെ മരണത്തിൽ യു.എൽ.സി.സി ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം - വെൽഫെയർ പാർട്ടി
കാസർകോട്: ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി മൊഗ്രാൽ പുത്തൂരിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടി വീണ് യു.എൽ.സി.സി ജീവനക്കാരായ വടകര മടപ്പള്ളിയിലെ അക്ഷയ് എസ്.ആർ, മണിയൂരിലെ അശ്വിൻ ബാബു എന്നിവർ ദാരുണമായി മരണപ്പെട്ടത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിനാലാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിൽ രണ്ട് മാസത്തിനിടെ ഏഴ് മരണങ്ങൾ ഉണ്ടായി എന്നത് ഗൗരവകരമാണ്. നേരത്തെ മരണപ്പെട്ടവർ ഇതര സംസ്ഥാന തൊഴിലാളികളായതിനാൽ സമൂഹം വേണ്ട വിധത്തിൽ ചർച്ച ചെയ്തിട്ടില്ല. തൊഴിലാളികളുടെ ജീവന് വില കൽപ്പിക്കാത്ത കമ്പനിക്കെതിരെ ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്.
മരണപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുകയും തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ഉറപ്പ് വരുത്തുകയും ചെയ്യണം.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് ടി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സി.എച്ച് ബാലകൃഷ്ണൻ, സി.എ യൂസുഫ്, അബ്ദുൽ ലത്തീഫ് കുമ്പള, മഹ്മൂദ് പള്ളിപ്പുഴ, കെ.വി.പി കുഞ്ഞഹമ്മദ്, സഹീറ ലത്തീഫ് എന്നിവർ സംസാരിച്ചു.


Post a Comment