കുമ്പളയിൽ ടോൾ ഗേറ്റിനെതിരെ പ്രതിഷേധമിരമ്പി ; എം എൽ എയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു ; ജലപീരങ്കിയും പ്രയോഗിച്ചു
കുമ്പള: കാസർകോട് കുമ്പളയിൽ ദേശീയപാതയിൽ താൽകാലിക ടോൾഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ നടത്തിയ ജനകീയ പ്രതിഷേധത്തിൽ കുമ്പള ഇളകി മറിഞ്ഞു.നിർദ്ദിഷ്ട ടോൾ ഗേറ്റ് സ്ഥാപിക്കുന്ന കുമ്പള ആരിക്കാടിയിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.
എ.കെ.എം അഷ്റഫ് എം.എൽ.എ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാർ പൊലീസിനെതിരെ ഗോബാക്ക് മുദ്രാവാക്യം മുഴക്കി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായതിനെ തുടർന്ന് രണ്ടു പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധ റാലി എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്‌ഘാടനവും ചെയ്തു. കുമ്പള പഞ്ചായത്ത് പ്രെസിഡൻറ് താഹിറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു. കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന്, സി പി ഇ നേതാവ് രമേശൻ, ഏരിയ സെക്രെട്ടറി സി എ സുബൈർ, അഷ്‌റഫ് കർള, എ കെ ആരിഫ്, അസീസ് കടപ്പുറം, നാസർ മൊഗ്രാൽ, അബ്ദുല്ലത്തീഫ് കുമ്പള തുടങ്ങിയവർ സംസാരിച്ചു.
ദേശീയപാത 66ൽ താൽകാലിക ടോൾഗേറ്റ് സ്ഥാപിക്കുന്നത് മാനദണ്ഡം പാലിക്കാതെയാണെന്ന് ജനകീയ സമിതി പറയുന്നു. കുമ്പള ആരിക്കാടിയിൽ സ്ഥാപിക്കുന്ന ഗോൾഗേറ്റും തലപ്പാടി ടോൾഗേറ്റും തമ്മിൽ 22 കിലോമീറ്ററിന്‍റെ ദൂരമേയുള്ളൂ. 60 കിലോമീറ്റർ ദൂരത്തിൽ മാത്രമേ ടോൾഗേറ്റ് സ്ഥാപിക്കൂ എന്ന് കേന്ദ്ര ഗതാഗത മന്ത്രി പറഞ്ഞതിന് വിരുദ്ധമായാണ് കുമ്പളയിലെ നിർമാണം.
റീച്ച് ഒന്നായ കുമ്പളയിലല്ല ടോൾഗേറ്റ് സ്ഥാപിക്കേണ്ടത്. റീച്ച് രണ്ടായ ചാലിങ്കിൽ പാത നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ആരിക്കാടിയിൽ താൽകാലിക ടോൾഗേറ്റ് സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.
ഗോൾഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ സമർപ്പിച്ച ഹരജി നാളെ ഹൈകോടതി പരിഗണിക്കുന്നുണ്ട്.

Post a Comment