ജിഎസ്ടി ഇളവിൽ അവശ്യ ഭക്ഷ്യ സാധനങ്ങളുടെ വില കുറയുന്നില്ല: വിലകയറ്റം സാധാരണക്കാരെ ബാധിക്കുന്നു.
കാസർഗോഡ്. കേന്ദ്രസർക്കാർ കെട്ടിഘോഷിച്ചു നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന ജി എസ് ടി ഇളവ് അവശ്യ ഭക്ഷ്യസാധനങ്ങൾക്ക് ബാധകമല്ലാത്തത് സാധാരണക്കാരെ പ്രയാസപ്പെടുത്തുന്നുണ്ട്. ഭക്ഷ്യധാന്യങ്ങൾക്ക് നാൾക്കുനാൾ വില കൂടുന്നതല്ലാതെ കുറയുന്നുമില്ല.
ജി എസ് ടി ഇളവ് നിർമ്മാണ മേഖലയ്ക്കും, വാഹനങ്ങൾക്കും, മരുന്നിനും, വിദ്യാർത്ഥികൾക്കും, കർഷകർക്കും, വീട്ടുപകരണങ്ങൾക്കും, ഇലക്ട്രോണിക് സാധനങ്ങൾക്കും നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ ഇത് പ്രാബല്യത്തിൽ വരുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഇളവ് എത്ര കാലത്തേക്ക് എന്നതിലും വ്യക്തത കുറവുണ്ട്.
നിത്യോപയോഗ ഭക്ഷ്യ സാധനങ്ങൾക്കാണ് വില കുറയേണ്ടിയിരുന്നതെന്ന് സാധാരണക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ദിവസേന എന്നോണം ആണ് ഭക്ഷ്യസാധനങ്ങൾക്ക് വിപണിയിൽ വില വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിൽ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പോലും സർക്കാറിനെ പ്രതിപക്ഷം നിർത്തിപ്പൊരിപ്പിച്ചിരുന്നു.വിപണിയിലിടപെടാതെ സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്ത് വിലകയറ്റത്തിൽ ഒന്നാം സ്ഥാനത്ത് കേരളമാണെന്നും അരി മുതൽ മുളക് വരെയുള്ളവർക്ക് രണ്ടുമാസംകൊണ്ട് മൂന്ന് മുതൽ 15 രൂപ വരെ വർധിച്ചെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് പോലും നോട്ടീസ് നൽകിയിരുന്നു. ഇതിന് സർക്കാർ പറഞ്ഞ മറുപടി ആകട്ടെ റേഷൻകടകളിലും, സപ്ലൈകോ വഴിയും വിലക്കുറവിൽ അവശ്യസാധനങ്ങൾ എത്തിച്ചുവെന്നാണ്.
അവശ്യസാധനങ്ങളുടെ ഇന്നത്തെ കമ്പോള നില ഇപ്രകാരമാണ്.അരി 50,പച്ചരി 32,ടൈഗർ അരി 60, വെള്ളരി 24,അവിൽ 60,പഞ്ചസാര 45,വെല്ലം 68,നീരുളി 25, വെള്ളുള്ളി 140,പുളി 220, മുളക് 540,കും:മുളക് 260,മല്ലി 140,ചെറുപയർ 160,പയർ 180,കടല 130, തോ:പരിപ്പ് 160, കടലപ്പരിപ്പ് 140,ചെ: പരിപ്പ് 160, ഗോതമ്പ് 50, പാൽപ്പൊടി 440, കുരുമുളക് 860, ചായപ്പൊടി 280, വെളിച്ചെണ്ണ 440 എന്നിങ്ങനെയാണ് വില.
അതേസമയം പഴവർഗങ്ങളിൽ നേന്ത്രപ്പഴത്തിന് ഇന്നലെ വലിയ വില ഇടിവു ണ്ടായി.രണ്ടര കിലോ നേന്ത്രക്കായയ്ക്ക് 100 രൂപയായിരുന്നു ഇന്നലത്തെ വില. നേരത്തെ കിലോയ്ക്ക് 50 രൂപയായിരുന്നു വില. മറ്റു പഴവർഗ്ഗങ്ങൾക്ക് വ്യത്യാസമില്ലാതെ വില തുടരുന്നു.കദളി 80ൽ നിന്ന് കുറഞ്ഞിട്ടില്ല. പച്ചക്കറികൾക്കും കാര്യമായ വിലക്കുറവില്ല. നവരാത്രി-ദസറ ആഘോഷമായതിനാൽ പച്ചക്കറികൾക്ക് വില കുറയാൻ സാധ്യതയില്ലെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നുണ്ട്.
Post a Comment