JHL

JHL

തുടർ ഭരണത്തിൽ പോലും വികസന നേട്ടങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് പിണറായി സർക്കാർ ജാതി-മത നേതാക്കൾക്ക് പിന്നാലെ ഓടുന്നു. -യൂത്ത് കോൺഗ്രസ്

മൊഗ്രാൽ. ഭരണത്തുടർച്ച നേടി കഴിഞ്ഞ 9 വർഷമായി ഭരണത്തിൽ തുടരുന്ന പിണറായി സർക്കാറിന് പറയത്തക്ക വികസന നേട്ടങ്ങളൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ആസന്നമായ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കമ്മ്യൂണിസ്റ്റ് ആശയം വലിച്ചെറിഞ്ഞ് മന്ത്രിമാരും,സഖാക്കളും ജാതി-മത നേതാക്കളുടെ കാൽക്കൽ വീഴുന്നതെന്ന് മൊഗ്രാൽ മേഖല യൂത്ത് കോൺഗ്രസ് കൺവെൻഷൻ ആരോപിച്ചു.

 രൂക്ഷമായ തൊഴിലില്ലായ്മയടക്കം കേരളത്തിലെ യുവ സമൂഹം കേന്ദ്ര-സംസ്ഥാന ഭരണത്തിന് കീഴിൽ നിരാശയിലാണ്.അത് വലിയൊരു പ്രതിഷേധ കൊടുങ്കാറ്റായി അലയടിക്കുമ്പോൾ ഇതിൽ വിളറി പൂണ്ട പിണറായി സർക്കാർ വോട്ടിന് വേണ്ടി  ജാതി-മത നേതാക്കളുടെ വീട്ടിൽ കയറി ഇറങ്ങുകയാണെന്നും, ഇത് യുവാക്കളോട് ചെയ്യുന്ന അനീതിയാണെന്നും യോഗം കുറ്റപ്പെടുത്തി.

 ജനാധിപത്യ സംരക്ഷണത്തിന് രാജ്യത്തുടനീളം തെരഞ്ഞെടുപ്പ് കമ്മീഷന്റെ "വോട്ട് ചോരി''ക്കെതിരെ പൊരുതുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ചാനൽ ചർച്ചയിൽ വധഭീഷണി ഉയർത്തിയ ബിജെപി വക്താവിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ മടിക്കുന്ന പിണറായി പോലീസിന്റെ നടപടിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.

 കൺവെൻഷൻ യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജകമണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമി ഉദ്ഘാടനം ചെയ്തു.കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കുമ്പള മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു. യൂസഫ് കോട്ട ആശംസകൾ നേർന്ന് സംസാരിച്ചു.

 ചടങ്ങിൽ ബദ്റുദ്ദീൻ ഗല്ലി,അബ്ദുള്ള അദ് ലീസ്,സദറുദ്ദീൻ സദ്ദു,സത്താർ കെ കെ,ഫവാസ് ബണ്ണാത്തം കടവ്, അദ്ദു നാങ്കി, തൻസീർ കെകെ പുറം, സജ്ജാദ് എ എം  എന്നിവർ സംബന്ധിച്ചു. ആഷിക് അസീസ് നന്ദി പറഞ്ഞു.

ഭാരവാഹികൾ:ആഷിക് അസീസ്, (പ്രസി) സദ്റുദ്ദീൻ സദ്ദു,തൻസീർ കെകെ പുറം,ഫവാസ് ബണ്ണാത്തം കടവ്(വൈസ് പ്രസി) സത്താർ കെകെ  (ജന:സെക്ര) ബദ്റുദ്ദീൻ ഗല്ലി,അബ്ദുള്ള അദ്ലീ സ്,ഹദ്ദു നാങ്കി(ജോ: സെക്ര)ഉമ്മർ റൺവേ (ട്രഷറർ).


 

No comments