JHL

JHL

കന്നട ഭാഷ പ്രവർത്തകരും കന്നട മാധ്യമങ്ങളും ഭാഷയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പരാതി


കുമ്പള(www.truenewsmalayalam.com) : അതിർത്തി പ്രദേശത്തെ കന്നട ഭാഷ പ്രവർത്തകരും കന്നട മാധ്യമങ്ങളും കന്നട ഭാഷയ്ക്ക് വേണ്ടി ഒന്നും  ചെയ്യുന്നില്ലെന്ന് പരാതി. കുമ്പളയിലെ വിവരാവകാശ സാമൂഹിക പ്രവർത്തകനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ  സ്വതന്ത്ര സ്ഥാനാർത്ഥിയുമായ കേശവ നായിക്കാണ് പരാതിയുമായി മുന്നോട്ടു വന്നത്.

നേരത്തെ നാമനിർദ്ദേശപത്രിക നൽകിയപ്പോൾ കന്നട ഭാഷയിൽ പത്രിക സമർപ്പിക്കാൻ ആവാത്തത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. തുടർന്ന് മലയാളികളായ സുഹൃത്തുക്കളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വിവർത്തനം ചെയ്താണ് പത്രിക സമർപ്പിക്കാനായത്. മാത്രമല്ല എസ്.ഐ.ആർ ഫോമുകളിൽ പരക്കെ മലയാളം ഭാഷ മാത്രമാണ്. 

കന്നട മാത്രം അറിയാവുന്ന അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ എങ്ങനെയാണ് ഫോറം പൂരിപ്പിച്ച് നൽകേണ്ടത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കന്നട ഭാഷയ്ക്ക് വേണ്ടി പോരാട്ടം നടത്തുന്നവർ എന്ന് അവകാശപ്പെടുന്ന ആളുകൾ പറ്റുമെങ്കിൽ എസ്.ഐ.ആർ ഫോമുകൾ കന്നടയിലും കൂടി ലഭിക്കാൻ സഹായകമാകുന്ന പ്രവർത്തികൾ ചെയ്യുകയോ, ഇവ പൂരിപ്പിച്ച് നൽകാൻ ജനങ്ങളെ സഹായിക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വൈവിധ്യമാർന്ന ഭാഷകൾ സംസാരിച്ച് പോരുന്ന മഞ്ചേശ്വരത്തെ ജനങ്ങൾ ഒരമ്മപെറ്റ മക്കളെപ്പോലെ കഴിയുന്നിടത്ത് ഭാഷയുടെ പേരിൽ വിദ്വേഷം പരത്താൻ മാത്രമാണ് കന്നട ഭാഷ പ്രവർത്തകർ. അല്ലാതെ ഈ ഭാഷാ ന്യൂനപക്ഷത്തെ സഹായിക്കാൻ അല്ലെന്നും അദ്ദേഹം ആരോപിച്ചു.

 കന്നട മാതൃഭാഷയായി സംസാരിക്കുന്ന മഞ്ചേശ്വരത്തെ ജനങ്ങളുടെ പ്രതിനിധിയായി കന്നട ഭാഷയ്ക്ക് നീതി തേടി സുപ്രീം കോടതി വരെ പോകാനും താൻ തയ്യാറാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കന്നട ഭാഷയ്ക്ക് വേണ്ടി സംസാരിക്കാൻ മലയാള മാധ്യമങ്ങൾ കാണിക്കുന്ന ഉത്സാഹം പോലും കന്നട മാധ്യമങ്ങൾ കാണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


No comments