ഇശൽ ഗ്രാമത്തിലെ കലോത്സവം; മൊഗ്രാൽ മെക് 7' ഹെൽത്ത് ക്ലബ് മുക്കാൽ ലക്ഷം രൂപ ആദ്യഗഡുവായി കൈമാറി
മൊഗ്രാൽ(www.truenewsmalayalam.com) : നിരവധി കവികൾക്കും കലാപ്രതിഭകൾക്കും ജന്മം നൽകുക വഴി ഇശൽ ഗ്രാമം എന്ന പേര് കേട്ട മൊഗ്രാൽ ഗ്രാമത്തിലേക്ക് ഇദംപ്രഥമമായി വിരുന്നെത്തുന്ന കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയത്തിനായി നാട്ടിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാൽ മെക് 7' ഹെൽത്ത് ക്ലബ് കൈകോർക്കുന്നു.
ഡിസംബർ 29, 30, 31 തീയതികളിലാണ് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ നടക്കുന്നത്.
ഗ്രാമത്തിന്റെ മാപ്പിള കലാ- സാംസ്കാരിക തനിമ ഉയർത്തിപ്പിടിക്കുന്ന കൗമാര കലാമേളയുടെ ഫണ്ടിലേക്ക് മെക് 7' അംഗങ്ങളിൽ നിന്നും സ്വരൂപിച്ച ആദ്യഗഡുവായ 75,000 രൂപയുടെ ചെക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ജയറാം.ജെ,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
മെക് 7 കോർഡിനേറ്റർ എം.മാഹിൻ, ഏരിയ കോർഡിനേറ്റർ ടി.കെ ജാഫർ, മേളയുടെ ഫിനാൻസ് ചെയർമാൻ പി എ ആസിഫ്, കൺവീനർ നസ്രുൽ ഇസ്ലാം തുടങ്ങിയവർ പ്രസംഗിച്ചു.
ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം കലാമേളയുടെ വിജയത്തിന് മെക് 7 ഹെൽത്ത് ക്ലബ് കൈത്താങ്ങായി എത്തിയത് അഭിനന്ദനാർഹമാണെന്നും മറ്റു സാംസ്കാരിക കൂട്ടായ്മകൾക്ക് ഇത് പ്രചോദനം പകരുമെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു.


Post a Comment