തദ്ദേശ തിരഞ്ഞെടുപ്പ്: സജ്ജീകരണങ്ങൾ നേരിൽ കണ്ട് കലക്ടർ കെ.ഇമ്പശേഖർ
കാസർകോട്(www.truenewsmalayalam.com) : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ വിവിധ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ പരിധികളിൽ സജ്ജമാക്കുന്ന സ്ട്രോങ് റൂം, വിതരണ, സംഭരണ കേന്ദ്രങ്ങളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ കെ.ഇമ്പശേഖർ സന്ദർശനം നടത്തി.
കുമ്പള ജിഎച്ച്എസ്എസ്, കാസർകോട് ഗവ. കോളജ്, ബോവിക്കാനം ബിഎആർഎച്ച്എസ്എസ്, കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂൾ, ഹൊസ്ദുർഗ് ജിഎച്ച്എസ്എസ്, പരപ്പ ജിഎച്ച്എസ്എസ്, പടന്നക്കാട് നെഹ്റു കോളജ് എന്നിവിടങ്ങളിലാണു കലക്ടർ സന്ദർശിച്ചത്.
സ്വീകരണ, വിതരണ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ:
കാസർകോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന കുമ്പള, മൊഗ്രാൽ പുത്തൂർ, മധൂർ, ചെമ്മനാട്, ചെങ്കള, ബദിയടുക്ക പഞ്ചായത്തുകൾ – ഗവ. കോളജ് കാസർകോട് വിദ്യാനഗർ കിഴക്ക് പടിഞ്ഞാറായുള്ള പ്രധാന കെട്ടിടത്തിന്റെ താഴെനില, മറ്റ് അനുബന്ധ കെട്ടിടങ്ങൾ.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള അജാനൂർ, മടിക്കൈ, പള്ളിക്കര, പുല്ലൂർ പെരിയ, ഉദുമ പഞ്ചായത്തുകൾ: കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂൾ.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന കുംബഡാജെ, ബെള്ളൂർ, ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകൾ: ബിഎആർ ഹയർസെക്കൻഡറി സ്‌കൂൾ ബോവിക്കാനം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന മംഗൽപാടി, വോർക്കാടി, പുത്തിഗെ, മീഞ്ച, മഞ്ചേശ്വരം, പൈവളികെ, എൻമകജെ പഞ്ചായത്തുകൾ: ജിഎച്ച്എസ്എസ് കുമ്പള.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന കയ്യൂർ ചീമേനി, പിലിക്കോട്, ചെറുവത്തൂർ, തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ പഞ്ചായത്തുകൾ: നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പടന്നക്കാട്.
പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന കോടോം ബേളൂർ, കള്ളാർ, പനത്തടി, ബളാൽ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകൾ: ജിഎച്ച്എസ്എസ് പരപ്പ.
കാഞ്ഞങ്ങാട് നഗരസഭയിൽ ജിഎച്ച്എസ്എസ് ഹൊസ്ദുർഗും നീലേശ്വരം നഗരസഭയിൽ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂളും കാസർകോട് നഗരസഭയിൽ കാസർകോട് ഗവ. കോളജുമാണു വോട്ടെണ്ണൽ കേന്ദ്രങ്ങൾ.


Post a Comment