ഗസ്സയിലെ ഹമാസ് വിരുദ്ധ- ഇസ്രായേൽ അനുകൂല സായുധ സംഘം തലവൻ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി(www.truenewsmalayalam.com) : ഗസ്സയിൽ ഹമാസ് വിരുദ്ധ നീക്കത്തിന് ഇസ്രായേലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സായുധ സംഘമായ അബു ശബാബ് മിലിഷ്യയുടെ തലവൻ യാസർ അബൂ ശബാബ് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്.
. ഗസ്സയുടെ ഭാവി ഭരണകൂടം തന്റേതായിരിക്കുമെന്ന് പ്രഖ്യാപിച്ചയാളാണ് യാസർ അബൂ ശബാബ്. ഗസ്സയിൽ വച്ചാണ് യാസർ അബൂ ശബാബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര കലഹത്തിലാണ് അബൂ ശബാബ് കൊല്ലപ്പെട്ടതെന്നും ഹമാസ് ആക്രമണത്തിലല്ലെന്നുമാണ് റിപ്പോർട്ട്. പരിക്കേറ്റ അബൂ ശബാബിനെ തെക്കൻ ഇസ്രായേലിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസിനെ പിന്തുണയ്ക്കുന്ന ചിലയാളുകളാൽ അബൂ ശബാബ് മിലിഷ്യയിലെ മറ്റ് ചില അംഗങ്ങളും കൊല്ലപ്പെട്ടതായി ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റർ കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ, ഗസ്സയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെ ഫലസ്തീൻ മാധ്യമപ്രവർത്തകൻ സാലിഹ് അൽജഫറാവിയെ അബു ശബാബ് സായുധ സംഘം വധിച്ചിരുന്നു. ഗസ്സ വംശഹത്യ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിൽ സജീവമായിരുന്ന സാലിഹിനെ നഗരത്തിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അബു ശബാബ് മിലിഷ്യ അംഗങ്ങൾ വെടിവച്ചു കൊന്നത്. സാലിഹ് അൽജഫറാവിയെ ആയുധധാരികളായ സംഘം വളഞ്ഞുവച്ച് കൊലപ്പെടുത്തുകയായിരുന്നു. സാലിഹിന്റെ ശരീരത്തിൽ ഏഴ് വെടിയുണ്ടകളാണ് ഏറ്റത്.

Post a Comment