കുമ്പള മാട്ടംകുഴി വാർഡ് എൽഡിഎഫ് പിടിച്ചെടുക്കുമെന്ന്
കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് - മാട്ടം കുഴി- എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി തിരിച്ചുപിടിക്കുമെന്ന് വാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ്ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
20 വർഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ പഞ്ചായത്തംഗം കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ അല്ലാതെ മറ്റൊന്നും വാർഡിൽ ഇന്ന് കാണാനില്ലെന്ന് പാർട്ടി പ്രതിനിധികൾ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയേക്കാൾ കേവലം 80 വോട്ടുകൾക്ക് മാത്രമാണ് എൽഡിഎഫ് പിന്നിലായിരുന്നത്. ആ സാഹചര്യം ഇന്നില്ല. കോവിഡ് കാലത്ത് യു.ഡി.എഫ് പ്രവർത്തകർ മറ്റ് വാർഡുകളിൽ നിന്ന് കൊണ്ടുവന്ന് വോട്ടർ ലിസ്റ്റിൽ തിരുകിക്കയറ്റിയ 250 ഓളം വോട്ടുകൾ ഈ വർഷം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ വാർഡ് വിഭജനത്തിലൂടെ മറ്റ് വാർഡുകളിൽ നിന്നും ധാരാളം ഇടതുപക്ഷ വോട്ടുകൾ പുതുതായി ഇരുപത്തിരണ്ടാം വാർഡിൽ ചേർക്കപ്പെട്ടിട്ടുമുണ്ട്.
ഇത് രണ്ടും എൽഡിഎഫിന്റെ വിജയ സാധ്യത വർദ്ധിപ്പിക്കുന്നു. നിലവിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. യു.ഡി.എഫിന് ജയിക്കാൻ മാത്രം വോട്ടുകൾ വാർഡിൽ ഇല്ലെന്നാണ് എൽ.ഡി.എഫ് പറയുന്നത്.
ആകെയുള്ള 1800 വോട്ടുകളിൽ 1300 വോട്ടുകൾ പോൾ ചെയ്യപ്പെട്ടാൽ തന്നെ 500ൽ പരം വോട്ടുകൾ എൽ.ഡി.എഫിന് ഉറപ്പാണ്. ബാക്കി വരുന്ന വോട്ടുകൾ യു.ഡി.എഫിനും ബി.ജെ.പിക്കും വിഭജിക്കപ്പെട്ടാൽ എൽ.ഡി.എഫ് നല്ല മാർജിനിൽ ജയിച്ചു കയറും എന്നാണ് എൽ.ഡി.എഫ് പറയുന്നത്.
വാർത്ത സമ്മേളനത്തിൽ എൽ.ഡി.എഫ് വാർഡ് കൺവീനർ മുനീർ, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഇർഷാദ് ചാക്കോ, അഡ്വക്കറ്റ് ഉദയകുമാർ എന്നിവർ സംബന്ധിച്ചു

Post a Comment