JHL

JHL

ഇശൽ മഴ പെയ്തിറങ്ങിയ കലോത്സവ മാമങ്കം: കയ്യിലെടുത്ത് ഇശൽ ഗ്രാമം


മൊഗ്രാൽ(www.truenewsmalayalam.com) : 64-മത് കാസർഗോഡ് റവന്യൂ ജില്ലാ കലോത്സവം ഇശൽ ഗ്രാമത്തിൽ പെയ്തിറങ്ങിയപ്പോൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു നാട്ടുകാർ.

സാവുക്കാര്‍ കുഞ്ഞിപ്പക്കി,ബാലാഇബ്നു ഫക്കീഹ്,അഹമ്മദ് ഇസ്മായിൽ സാഹിബ്, നടുത്തോപ്പിൽ മമ്മൂഞ്ഞി മൗലവി,നടുത്തോപ്പിൽ അബ്ദുള്ള,എ കെ അബ്ദുൽ ഖാദർ, പക്ഷിപ്പാട്ടിലൂടെ മാപ്പിളപ്പാട്ടിൽ ഇശൽ ഗ്രാമത്തെ അടയാളപ്പെടുത്തിയ കുഞ്ഞായിശു തുടങ്ങിയ മൺമറഞ്ഞുപോയ ഒട്ടനവധി കവികളാൽ സമ്പന്നമായ നാട്ടിൽ വിരുന്നെത്തിയ കലാ മാമാങ്കത്തെ വരവേൽക്കാൻ മനസ്സും ശരീരവും കലോത്സവ നഗരിയിൽ സമർപ്പിക്കുകയായിരുന്നു ഇശൽ ഗ്രാമക്കാർ.

രാത്രി വൈകുവോളം പെയ്തിറങ്ങിയ ഇശൽ മഴ ആസ്വദിക്കാൻ ആയിരങ്ങളാണ് വേദിക്ക് ചുറ്റും തടിച്ചു കൂടിയത്.

 ആദ്യ ദിവസത്തെ മത്സരങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം. സ്കൂൾ മൈതാനത്തെ വേദി ഒന്നിൽ(ഇശൽ) ഒപ്പനയും,ദഫ് മുട്ടും സ്കൂൾ പവലിയനിലെ വേദി മൂന്നിൽ(സാരംഗി) തിരുവാതിരയും, ഭരതനാട്യവും കാണാൻ രാത്രി ഏറെ വൈകിയും വലിയ ജനക്കൂട്ടമാ യിരുന്നു.മത്സരിച്ച എല്ലാ ടീമുകളും ആസ്വാദകരെ കയ്യിലൊടുത്തു. 


നാട്ടുകാരും,യുവാക്കളും പുലർച്ചെ രണ്ടുമണിവരെ എല്ലാ മേഖലയുടേയും നിയന്ത്രണം ഏറ്റെടുത്ത് മുന്നോട്ടുവന്നത് പരിപാടിയുടെ ആദ്യദിനം വലിയ വിജയമാക്കാൻ സംഘാടക സമിതിക്ക് കഴിഞ്ഞു.

 രാത്രി വൈകിയും ഗതാഗത സൗകര്യമൊരുക്കിയ "സൗഹൃദ ഓട്ടോ'' സർവീസ് മത്സരാർത്ഥികൾക്ക് ആശ്വാസമായി.

 ഊട്ടുപുരയിൽ നല്ല ഭക്ഷണ വിഭവങ്ങൾ തന്നെ ഒരുക്കി നൽകി. ഗതാഗതം നിയന്ത്രിക്കാൻ ഒരു കൂട്ടം യുവാക്കൾ തന്നെ കച്ചകെട്ടി ഇറങ്ങിയത് പോലീസിന് ഏറെ സഹായകമായി.ഇന്നലെ നടന്ന മത്സരങ്ങൾ അവസാനിക്കുമ്പോൾ കാസർഗോഡ് ഉപജില്ല മുന്നിട്ട് നിൽക്കുന്നു.



 തൊട്ടടുത്ത് ഹോസ്ദുർഗും, ചെറുവത്തൂരും, കുമ്പളയുമുണ്ട്. ബേക്കലും, മഞ്ചേശ്വരവും, ചിറ്റാരിക്കലും വലിയ മുന്നേറ്റം നടത്തുന്നുമുണ്ട്.

 റവന്യൂ ജില്ല കലോത്സവം ഇന്നലെ രാജ് മോഹൻ ഉണ്ണിത്താൻ എംപിയാണ് ഉദ്ഘാടനം ചെയ്തത്. സംഘാടക സമിതി ചെയർമാനും, മഞ്ചേശ്വരം എംഎൽഎയുമായ എകെഎം അശ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ, എൻ എ നെല്ലിക്കുന്ന് എംഎൽഎ,ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചേർക്കള, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി,വൈസ് പ്രസിഡണ്ട് എം ബൽക്കീസ്-ഗഫാർ, പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, വൈസ് പ്രസിഡണ്ട് റിയാസ് കരീം, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ,പിടിഎ- എസ്എംസി-മദർ പിടിഎ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

ഡിഡി ഇ ടിവി മധുസൂദനൻ സ്വാഗതവും, സ്വീകരണ കമ്മിറ്റി കൺവീനർ കെ ശിശുപാലൻ നന്ദിയും പറഞ്ഞു.

 രണ്ടാം ദിവസമായ ഇന്ന് വിവിധ വേദികളിലായി ഭരതനാട്യം,കുച്ചുപൊടി നൃത്തം,മോഹിനിയാട്ടം, മാർഗംകളി,ഓട്ടം തുള്ളൽ കഥകളി തുടങ്ങിയ ഇനങ്ങൾ അരങ്ങേറും.

No comments