JHL

JHL

ജനപ്രതിനിധികളോട് കാസറഗോഡ് ജില്ലാ കളക്ടർക്ക് പുച്ഛം ; കുമ്പള ടോള്‍ ബൂത്തുയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടറുടെ ചേംബറിലെത്തിയ എം.എല്‍.എ ഉള്‍പ്പടെയുള്ള സംഘത്തെ ജില്ലാ കലക്ടര്‍ അപമാനിച്ചതായി കാട്ടി എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി

കുമ്പള : ആരിക്കാടി ടോള്‍ ബൂത്തുയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടറുടെ ചേംബറിലെത്തിയ എം.എല്‍.എ ഉള്‍പ്പടെയുള്ള സംഘത്തെ ജില്ലാ കലക്ടര്‍ അപമാനിച്ചതായി കാട്ടി എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി. തിങ്കളാഴ്ച കലക്ടര്‍ കെ. ഇമ്പശേഖറിന്റെ ചേംബറിലെത്തിയ സമരസമിതി ചെയര്‍മാന്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍, കര്‍മസമിതി വര്‍ക്കിങ് ചെയര്‍മാനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ സി.എ. സുബൈര്‍ അടക്കമുള്ളവരെ കലക്ടര്‍ അപമാനിച്ചതായാണ് പരാതി. ഇത് സംബന്ധിച്ച് കര്‍മ്മസമിതിയും മുഖ്യമന്ത്രി, പൊതുമരാമത്തുമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് സി.എ സുബൈര്‍ പറഞ്ഞു. ഈ മാസം 27 മുതല്‍ ടോള്‍ പിരിക്കാന്‍ ശ്രമമുണ്ടായാല്‍ അതിനെ ശക്തമായി തടയുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു. ടോള്‍ പിരിവ് നടത്തുന്നതിനുള്ള ശ്രമം ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് സംഘം കലക്ടറെ കാണാനെത്തിയത്. അതിനിടെയാണ് കലക്ടര്‍ അപമാനിച്ചെതെന്നാണ് പരാതി.

അതിനിടെ,  കലക്ടറുടെ ചേംബറില്‍ ചര്‍ച്ചക്ക് എത്തിയ ജനപ്രതിനിധികളെ ആക്ഷേപിച്ചതായുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ വാർത്താ  കുറിപ്പില്‍ അറിയിച്ചു. ടോള്‍ പ്ലാസ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ നിലവില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ല. ഇതു സംബന്ധിച്ച് ഔദ്യോഗികമായി യോഗം 22ന് വിളിച്ചിരുന്നില്ല. എന്നാല്‍ ചേംബറില്‍ വന്ന് നേരില്‍ക്കണ്ട ജനപ്രതിനിധികളോടും രാഷ്ട്രീയകക്ഷികളോടും കോടതിയുടെ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.


No comments