സീബ്രാ ലൈൻ അവ്യക്തം; കാസർഗോഡ്-കാഞ്ഞങ്ങാട് കാൽനടയാത്രക്കാർക്ക് ദുരിതം
കാസർഗോഡ്(www.truenewsmalayalam.com) : ജനത്തിരക്കേറിയ നഗരങ്ങളിലെ സീബ്രാ ലൈൻ മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരുടെ സംരക്ഷണത്തിനായി മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടയിൽ ജില്ലയിൽ പലയിടത്തും സീബ്രാ ലൈനുകൾ കാണാനില്ലെന്ന് പരാതി.
മാഞ്ഞുപോയ സീബ്രാ ലൈനുകൾ വർഷത്തിലൊരിക്കലെങ്കിലും പെയിന്റടിച്ച് കാണത്തക്ക വിധത്തിലാക്കണമെന്ന് കാൽനടയാത്രക്കാരും, വാഹനമോടിക്കുന്ന വരും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അധികൃതരാകട്ടെ സീബ്രാ ക്രോസിംഗിൽ വാഹനം നിർത്തുന്നവർക്കും, പാർക്ക് ചെയ്യുന്നവർക്കും പിഴ ഈടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
സീബ്രാ ലൈൻ മുറിച്ചുകിടക്കുന്ന കാൽനടയാത്രക്കാരെ ഇടിച്ചാൽ കടുത്ത ശിക്ഷയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ 2000രൂപ പിഴയും ഈടാക്കും. ഈ വിഷയത്തിൽ ഹൈ കോടതി ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും, ഹോൺ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഇതിനകം തന്നെ ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചകിലം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് കാൽനട യാത്രികരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 1232 കേസുകൾ രജിസ്റ്റർ ചെയ്തു. ഇത്രയും കേസുകളിലായി 2,57,760 രൂപ പിഴ ഈടാക്കുകയും ചെയ്തു. 32,116 വാഹനങ്ങളാണ് പരിശോധിച്ചത്.
കഴിഞ്ഞ മാസമായിരുന്നു സംസ്ഥാന വ്യാപകമായി ട്രാഫിക് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പ്രത്യേക എൻഫോസ്‌മെന്റ് പരിശോധന നടത്തിയത്.ക്രോസിംഗുകളിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതെ വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെയും, കാൽനടയാത്രക്കാർക്ക് അനുവദനീയവുമായ നടവഴിയിൽ അവർക്കത് അവഗണിക്കുന്ന രീതിയിൽ പെരുമാറുന്ന വാഹനങ്ങൾക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് ഈ വർഷം 851 കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്ന് കണക്കുകളിൽ സൂചിപ്പിക്കുന്നു.ഇതിൽ 218 ഉം സീബ്രാ ലൈനിൽ വാഹനങ്ങൾ നിർത്താൻ കൂട്ടാക്കാതിരുന്നതിനാലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാനും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുമുണ്ട്.


Post a Comment