കുമ്പള നടുപ്പള്ളം വാർഡിൽ പൊരിഞ്ഞ പോരാട്ടം ; യു ഡി എഫും സ്വതന്ത്ര സ്ഥാനാർത്ഥിയും നേർക്കുനേർ ; നസീറാ ഖാലിദാണ് യു ഡി എഫ് സ്ഥാനാർഥി ; സാമൂഹിക സേവന രംഗത്തെ നീണ്ട കാലത്തെ പരിചയം സഹീറ അബ്ദൽലത്തീഫിന് മുതൽകൂട്ടാവും
കുമ്പള (www.truenewsmalayalam.com): തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ മൊഗ്രാൽ നടുപ്പള്ളം വാർഡിൽ പ്രചാരണത്തിന് ചൂടേറുന്നു. യു ഡി എഫും സ്വതന്ത്ര സ്ഥാനാർത്ഥിയും നേർക്കുനേർ ഏറ്റുമുട്ടുന്ന നടുപ്പള്ളം വാർഡിൽ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. കാലങ്ങളായി യു ഡി എഫ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചു വരുന്ന വാർഡിൽ ജയിച്ചു വരുന്ന മെമ്പർമാർ വാർഡിനെ തഴയുന്നു എന്ന പരാതിയുമായി കഴിഞ്ഞ പ്രാവശ്യം റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. കന്നിയംഗത്തിൽ തന്നെ നല്ല വോട്ട് പിടിച്ച റെസിഡൻസ് അസോസിയേഷൻറെ പിന്തുണയോടെയാണ് സഹീറ അബ്ദുല്ലത്തീഫ് ഇപ്രവശ്യം മത്സരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ഒറ്റക്ക് മത്സരിച്ച് 121 വോട്ട് പിടിച്ച എസ് ഡി പി ഐ ഇപ്രാവശ്യം മത്സര രംഗത്തില്ല. എസ് ഡി പി ഐ പിന്തുണ ഇപ്രാവശ്യം സഹീറക്ക് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് വിജയ സാധ്യത വർദ്ധിപ്പിക്കും. ആശാവർക്കാറായി ജോലി ചെയ്തുവരുന്ന നസീറ ഖാലിദിൻറെ ഈ രംഗത്തെ പരിചയം തങ്ങൾക്ക് ഗുണകരമാവും എന്ന് യു ഡി എഫ് കണക്കു കൂട്ടുന്നു. എന്നാൽ കഴിഞ്ഞ പ്രാവശ്യം ജയിച്ച വാർഡ് മെമ്പറിന് തൻറെ പ്രവർത്തനം കാണിച്ചു വോട്ട് പിടിക്കാൻ പറ്റാത്തതിനാൽ ശമ്പളം വാങ്ങി ജോലിചെയ്യുന്ന ആശാവർക്കർമാരെ രംഗത്തിറക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നേരത്തെ നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധന നടക്കുന്നതിനിടെ കെ എം നസീറ എന്ന നസീറ ഖാലിദിന് ഉദുമ പഞ്ചായത്തിൽ കൂടി വോട്ടുള്ളതായി തെളിവ് സഹിതം റിട്ടേണിങ് ഓഫീസർക്ക് എതിർ സ്ഥാനാർഥി പരാതി നല്കിയിരുന്നു. ഉദുമ ഗ്രാമ പഞ്ചായത്ത് അംബികാ നഗർ വാർഡിലെ ബൂത്ത് ഒന്നിലെ 657 ക്രമനമ്പറിലാണ് ഇവരുടെ വോട്ട് ഉള്ളത്. കുമ്പള പഞ്ചായത്തിലെ വോട്ടർ ലിസ്റ്റിലും പേരുള്ളത് കൊണ്ട് പ്രാഥമിക ദൃഷ്ടിയിൽ നാമനിർദേശ പത്രിക തള്ളാനാവില്ല എന്ന തീരുമാനമെടുത്ത റിട്ടേർണിംഗ് ഓഫീസർ ജില്ലാ വരണാധികാരിയായ കാസർകോട് ജില്ലാ കളക്ടർക്ക് പരാതി നൽകാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തേരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്.

Post a Comment