റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇനി 5 നാൾ: കാട് നിറഞ്ഞ സ്കൂൾ റോഡിലേക്ക് തിരിഞ്ഞു നോക്കാതെ പിഡബ്ല്യുഡി
മൊഗ്രാൽ(www.truenewsmalayalam.com) : റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഈ മാസം 29,30,31 തീയതികളിലായി നടക്കാനിരിക്കെ കാട് നിറഞ്ഞും, മണ്ണുകൾ കൂട്ടിയിട്ടും ശോചനീയാവസ്ഥയിലുള്ള സ്കൂൾ റോഡ് നന്നാക്കണമെന്ന ആവശ്യത്തിൽ മുഖം തിരിച്ച് പിഡബ്ല്യുഡി വിഭാഗം.
കലോത്സവത്തിന്റെ പ്രധാന കവാടമായ മൊഗ്രാൽ ടൗൺ മുതൽ യൂനാനി ഡിസ്പെൻസറി വരെയുള്ള സ്കൂൾ റോഡിന്റെ ഇടതുവശത്ത് കാടുകൾ നിറഞ്ഞും, മണ്ണുകൾ കൂട്ടിയിട്ടും വികൃതമായി കിടക്കുന്നത് മാസങ്ങൾക്കു മുമ്പ് തന്നെ പിഡബ്ല്യുഡി അധികൃതരെ സ്കൂൾ പിടിഎയും, സന്നദ്ധ സംഘടനകളും ശ്രദ്ധയിൽപ്പെടുത്തുകയും, നിവേദനം നൽകുകയും ചെയ്തിരുന്നു. നന്നാക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പും നൽകിയതാണ്.
എന്നാൽ കലോത്സവത്തിന് 5 നാൾ മാത്രം ബാക്കി നിൽക്കുമ്പോഴും പിഡബ്ല്യുഡിയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
ഈ മാസം ആദ്യം നടന്ന ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് മുമ്പ് തന്നെ സ്കൂൾ റോഡ് ശുചീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്.
ഇപ്പോൾ സ്കൂൾ അധികൃതരും,സബ് കമ്മിറ്റി ഭാരവാഹികളും എ ഇ യേയും പിഡബ്ല്യുഡി ഓഫീസിലേക്കും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ലെ ന്നാണ് പരാതി. വിവരം സംഘാടകസമിതി അംഗങ്ങൾ വകുപ്പ് മേധാവികളെ അറിയിച്ചിട്ടുണ്ട്.

Post a Comment