JHL

JHL

ഫ്രഞ്ച്, ജര്‍മ്മന്‍, അറബിക്, സ്പാനിഷ് ഭാഷകള്‍ പഠിക്കാം തൊഴില്‍ അവസരങ്ങള്‍ ഇനി തേടിയെത്തും; വിജയവഴി കാട്ടി അസാപ്‌

 ഫ്രഞ്ച്, ജര്‍മ്മന്‍, അറബിക്, സ്പാനിഷ് ഭാഷകള്‍ പഠിക്കാം തൊഴില്‍ അവസരങ്ങള്‍ ഇനി തേടിയെത്തും; വിജയവഴി കാട്ടി അസാപ്‌ ജില്ലയിലെ തൊഴിലന്വേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നൂതന കോഴ്‌സുകളിലൂടെയും അത്യാധുനിക പരിശീലനങ്ങളിലൂടെയും തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് അസാപ്. പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ കീഴിലാണ് അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് വിദ്യാനഗറിലെ അസാപ് സ്‌കില്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഓണ്‍ലൈന്‍ കോഴ്സുകള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ഫ്രഞ്ച് ഭാഷ പഠനത്തിനുള്ള ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ പൂര്‍ത്തീകരിച്ചു. ജര്‍മ്മന്‍ ഭാഷ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുന്നു. അറബിക്, സ്പാനിഷ്  ഭാഷ പഠന ബാച്ചുകള്‍ ഉടന്‍ ആരംഭിക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ബഹുമുഖ നൈപുണ്യ കേന്ദ്രമായാണ് സ്‌കില്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. പ്രായഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അഭികാമ്യമായ കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ കഴിയുമെന്നതാണ് സ്‌കില്‍ പാര്‍ക്കിന്റെ പ്രധാന സവിശേഷത. പരിശീലനം നല്‍കാനായി മികച്ച സാങ്കേതിക മികവോടുകൂടിയ ലാബുകളാണ് സ്‌കില്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്.തൊഴിലിടങ്ങളിലെ പുത്തന്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തി യുവാക്കളെ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്ന നൈപുണ്യ പരിശീലനമാണ് അസാപ് നിര്‍വ്വഹിക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും അസാപ് വിവിധ കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു. പഠനത്തോടൊപ്പം തന്നെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഇതുവഴി തൊഴില്‍ നേടാന്‍ അവസരമൊരുങ്ങുന്നു.ബഹുമുഖ നൈപുണ്യ കേന്ദ്രംജില്ലയിലെ  വിദ്യാര്‍ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ കൂടുതല്‍ അവസരങ്ങളൊരുക്കുന്നതിനായി സ്ഥാപിച്ച അസാപ് സ്‌കില്‍ പാര്‍ക്ക് കഴിഞ്ഞ ഒക്ടോബറിലാണ്  ഉദ്ഘാടനം ചെയ്തത്. 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍, ഇരുനില  കെട്ടിടത്തിലായി അഞ്ച് ക്ലാസ് റൂം, നാല് പരിശീലന മുറി, അത്യാധുനിക ഐടി റൂം, ലിഫ്റ്റ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ളതാണ് അസാപ് പാര്‍ക്ക്. ഭിന്നശേഷി സൗഹൃദമാണ് കെട്ടിടങ്ങള്‍. എഡിബി സഹായത്തോടെ 14 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്. മൂന്ന് മാസം മുതല്‍ ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ ഇവിടെ ഉണ്ട്. സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം എത്തുന്ന ഓപ്പറേറ്റിങ് പാര്‍ട്ണറായ സ്വകാര്യ കമ്പനിക്കായിരിക്കും സ്‌കില്‍ പാര്‍ക്കിന്റെ  നടത്തിപ്പ് ചുമതല. ഇതിനായി ഓപ്പറേറ്റിംഗ് പാര്‍ട്ണറെ നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഗവേണിങ് കമ്മിറ്റിയാണ് സ്‌കില്‍പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. നിലവില്‍ സ്‌കില്‍പാര്‍ക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ലിസ്റ്റില്‍ ഉള്ളതിനാല്‍ ക്ലാസുകള്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. വൈകാതെ സ്‌കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ പി വി സുജീഷ് പറഞ്ഞു. ജില്ലയില്‍ അസാപ്പിന്റെ നൈപുണ്യ കോഴ്സുകള്‍ നല്‍കുന്നതിനായി ഗവ. കോളേജ് കാസര്‍കോട്, ജിഎച്ച് എസ് എസ് മംഗല്‍പാടി, ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗ്,  ജി എച്ച് എസ് എസ് ചായ്യോത്ത്, ജി എഫ് എച്ച് എസ് എസ് ചെറുവത്തൂര്‍ എന്നീ അഞ്ച് കേന്ദ്രങ്ങളാണുള്ളത്. ഓട്ടോമൊബൈല്‍, ഫാഷന്‍, അപ്പാരല്‍, ഹെല്‍ത്ത് കെയര്‍, ഫുഡ് പ്രോസസിങ്്, അക്കൗണ്ടിങ് ആന്റ് ഫിനാന്‍സ് തുടങ്ങിയ കോഴ്സുകള്‍ ഈ കേന്ദ്രങ്ങളിലൂടെ നല്‍കി വരുന്നു. ഇവയ്ക്കു പുറമെ അഡ്വാന്‍സ് സ്‌കില്‍ ഡവലപ്മെന്റ് സെന്ററിലൂടെ ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് എഞ്ചിനീയറിങ്് കോളേജുകള്‍, പോളിടെക്നിക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിംഗ്, മെഷീന്‍ ലേണിങ്, ജിപിഎസ് തുടങ്ങിയ നൂതന കോഴ്സുകളും സെയില്‍സ്ഫോഴ്സ്, ഗൂഗിള്‍, ആമസോണ്‍, ടി സി എസ് കമ്പനികളുടെ കോഴ്സുകളും നല്‍കിവരുന്നു. എല്‍ ബി എസ് എഞ്ചിനീയറിങ് കോളേജില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ച കുട്ടികള്‍ വളരെ വേഗം ജോലിയില്‍ പ്രവേശിച്ചത് അസാപ്പിന്റെ നേട്ടങ്ങളിലൊന്നാണെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ പറഞ്ഞു

No comments