JHL

JHL

നിർണായക റോളിൽ ശശി തരൂ‍ർ: യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല തരൂരിനെ ഏൽപിച്ചു


 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകടനപത്രിക തയ്യാറാക്കാനുള്ള നിർണ്ണായക ചുമതല ശശിതരൂരിന് നൽകി കോൺഗ്രസ്. എല്ലാ വിഭാഗങ്ങളുമായി സംസാരിച്ച് പ്രകടനപത്രിക തയ്യാറാക്കാൻ തരൂർ സംസ്ഥാന പര്യടനം നടത്തും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമായിരിക്കും സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെ മാനദണ്ഡമെന്ന് സംസ്ഥാനത്തെത്തിയ ഹൈക്കമാൻഡ് പ്രതിനിധികൾ വ്യക്തമാക്കി.നിർണായകമായ തെരഞ്ഞെടുപ്പിൽ നിർണായക റോളിലേക്ക് എത്തുകയാണ് ശശി തരൂർ. യുവാക്കളെയും മതന്യൂനപക്ഷങ്ങളെയും ഒപ്പം നിർത്താൻ കൂടിയാണ് ഈ വിഭാഗങ്ങൾക്ക് സമ്മതനായ ശശിതരൂരിനെ പ്രകടനപത്രിക തയ്യാറാക്കാനുള്ള ചുമതല ഏല്പിച്ചത്. ഉമ്മൻചാണ്ടി അധ്യക്ഷനായ തെര‍ഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.അശോക് ഗെഹ്ലോട്ടിൻ്റെ നേതൃത്വത്തിലുള്ള തെര‍ഞ്ഞെടുപ്പ് ഏകോപനസമിതിയും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയും തുടങ്ങിവെച്ചത് പാർട്ടിയെ അധികാരത്തിലേക്കെത്തിക്കാനുള്ള കർമ്മപദ്ധതികൾ. തദ്ദേശതെരഞ്ഞെടുപ്പ് ഫലം മറന്നേക്കൂ ഒരുമിച്ച് നിന്നാൽ ഭരണം പോരുമെന്ന് രാവിലെ ജനപ്രതിനിധികളുമായുള്ള പ്രഭാതഭക്ഷണ ചർച്ചയിൽ അശോക് ഗെഹ്ലോട്ട് പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് താല്പര്യം നടക്കില്ലെന്ന കൃത്യമായ സന്ദേശമാണ് ഹൈക്കമാൻ‍് പ്രതിനിധികൾ സംസ്ഥാന നേതൃത്വത്തിന് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നുവെന്ന വിമർശനവും കെപിസിസിയിൽ നടത്തിയ പ്രസംഗത്തിൽ ഗെഹ്ലോട്ട് ഉന്നയിച്ചു. ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രക്ക് മുമ്പ് സംസ്ഥാനത്തെ സീറ്റ് വിഭജനം തീർക്കാനാണ് യുഡിഎഫ് നേതൃത്വത്തിൻ്റെ ശ്രമം. യുഡിഎഫ് ഘടകക്ഷികളുമായി ഇതിനോടകം അനൗദ്യോ​ഗിക ച‍ർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാർത്ഥിപട്ടികയെ കുറിച്ചുള്ള തീരുമാനവും അതിവേഗം കൈക്കൊള്ളും.


No comments