JHL

JHL

രണ്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ജീവനക്കാരന് 62 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതി, രണ്ട് പോക്‌സോ കേസുകളില്‍ കൂടി വിചാരണ


 കാസര്‍കോട് | രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സ്‌കൂള്‍ ജീവനക്കാരന് കോടതി 62 വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.



കുമ്ബള ബംബ്രാണ തലക്കളയിലെ കെ ചന്ദ്രശേഖരനെ(56)യാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി (പോക്‌സോ) ജഡ്ജി എ വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം വീതം അധികം തടവ് അനുഭവിക്കാനും കോടതി വിധിച്ചു.


പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നതിന് ചന്ദ്രശേഖരനെതിരെ കാസര്‍കോട്, കുമ്ബള സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം 28 വര്‍ഷവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം മൂന്ന് വര്‍ഷവുമാണ് തടവുശിക്ഷ. ഈ കേസില്‍ കാസര്‍കോട് എസ് ഐ ആയിരുന്ന മെല്‍ബിന്‍ ജോസാണ് അന്വേഷണം നടത്തിയിരുന്നത്. അന്നത്തെ എസ് ഐ. യു പി വിപിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


കുമ്ബള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം 31 വര്‍ഷമാണ് തടവ്. കുമ്ബള എസ് ഐ ആയിരുന്ന എ സന്തോഷ്‌കുമാറാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ പ്രിയ ഹാജരായി. പ്രതി സമാനമായ രണ്ട് കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. പ്രതിക്കെതിരെ ഇനി രണ്ട് പോക്‌സോ കേസുകളില്‍ കൂടി വിധി പറയാനുണ്ട്.

No comments