ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു
ന്യൂഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. ഹൈകോടതി വിധി വന്നിട്ട് രണ്ടുമാസമായിട്ടും അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റിനെതിരെ ഫൈസൽ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്സഭ സെക്രട്ടേറിയറ്റിന്റെ അടിയന്തര തീരുമാനം. അയോഗ്യത പിൻവലിച്ച സാഹചര്യത്തിൽ സുപ്രീംകോടതിയിൽ നൽകിയ ഹരജി പിൻവലിക്കുമെന്ന് ഫൈസലിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി എത്തിയെങ്കിലും ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. അയോഗ്യത പിൻവലിച്ചതോടെ ഫൈസലിന് എം.പിയായി തുടരാം.
10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും പാർലമെന്റ് അംഗ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്.
വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്ന് ജനുവരി 11മുതലാണ് ഫൈസലിനെ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ജനുവരി 13ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
തന്റെ ശിക്ഷ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടും വിജ്ഞാപനം പിൻവലിക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റ് തയാറായിട്ടില്ലെന്ന് അഭിഭാഷകൻ കെ.ആർ. ശശിപ്രഭു മുഖേന സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഫൈസൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫൈസലിന്‍റെ ശിക്ഷ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നല്‍കിയ ഹർജിയും സുപ്രീംകോടതിയിൽ പരിഗണനക്കുണ്ട്.
Post a Comment